കൊച്ചിയുടെ ക്രമസമാധാനം ഇനി വളയിട്ട കൈകളിൽ

കൊച്ചി: ക്രമസമാധാന ചുമതലയുള്ള സംസ്ഥാനത്തെ ആദ്യത്തെ വനിത സിഐ ആയി പി.കെ രാധാമണി നാളെ ചുമതല ഏൽക്കും. ഇടുക്കി സ്വദേശിനിയായ രാധാമണിക്ക് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷനിലാണ് നിയമനം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ സിഐക്ക് ക്രമസമാധാന ചുമതല നൽകുന്നത്. 1991-ലാണ് രാധാമണി കോൺസ്റ്റബിൾ ആയി പൊലീസിൽ സേവനം ആരംഭിച്ചത്. ഇന്നോളം ഒരു വനിതാ സിഐക്കും സാധിച്ചിട്ടില്ലാത്ത അപൂർവനേട്ടത്തിന്റെ സന്തോഷത്തിലാണ് രാധാമണി. 1991-ൽ കോൺസ്റ്റബിളായി സേവനമാരംഭിച്ച രാധാമണി കഴിഞ്ഞ ആറു വർഷമായി എറണാകുളം റൂറൽ ജില്ലയിൽ വനിതാസെൽ സിഐ ആയി പ്രവർത്തിച്ച് വരികയായിരുന്നു. എറണാകുളം റൂറൽ ജുവനൈൽ പൊലീസിൽ കാഴ്ചവച്ച തിളക്കമാർന്ന സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

നിയമനം വലിയ അംഗീകാരമാണെന്നും തന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ച് മികച്ച സേവനം കാഴ്ചവെക്കുമെന്നും അവർ പറഞ്ഞു. തന്റെ നേട്ടം മറ്റു വനിതാ സിഐമാർക്ക് പ്രചോദനമാകുമെന്നും രാധാമണി അഭിപ്രായപ്പെട്ടു. പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടതടക്കമുള്ള പ്രധാനപ്പെട്ട കേസന്വേഷണങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. ഇടുക്കിയിൽ കർഷകനായ ചിനാംപറമ്പിൽ സുഗതനാണ് ഭർത്താവ്. അരുൺ കൃഷ്ണൻ, അനുശ്രിയ എന്നിവർ മക്കളാണ്. രാധാമണിയുടെ അപൂർവ നേട്ടത്തിൻറെ സന്തോഷത്തിലാണ് രാധാമണിയുടെ നാട്ടുകാരും