ഭാരതത്തെ മുത്തമിട്ട് റഫാൽ: റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി

ന്യൂഡൽഹി : ഭാരതത്തിന് ഇത് ചരിത്ര നിമിഷം. ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിച്ചു. ‘ആ പക്ഷികൾ’ സുരക്ഷിതമായി ഈ യുദ്ധവിമാനങ്ങൾ അംബാലയിൽ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നും രാജ്‍നാഥ് സിംഗ് ട്വീറ്റ് ചെയ്യുന്നു.

Loading...

റഫാൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആർടിടി ടാങ്കർ വിമാനങ്ങളിൽ ഒന്നിൽ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകൾ, ഒരുലക്ഷം ടെസ്റ്റ് കിറ്റുകൾ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു. അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തിൽ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു. 2700 കിലോമീറ്റർ യാത്ര ചെയ്ത് പാക്ക് വ്യോമപാത ഒഴിവാക്കി ഗുജറാത്തിലൂടെയാണ് വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിയത്.

ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. അംബാലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പം ചേരുന്ന ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങളും ഇന്ധനം നിറച്ചു. അംബാലയിലെ 17–ാം സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള 7 പൈലറ്റുമാരാണു വിമാനങ്ങൾ പറപ്പിക്കുന്നത്. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്.  ഉച്ചയ്ക്ക് ഒന്നരയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തിയത്. ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ”സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ”. ”ഡെൽറ്റ 63, Good Luck And Happy Hunting”, എന്ന് റഫാലിൽ നിന്ന് മറുപടി തിരികെയെത്തി. ഐഎൻഎസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ നൽകിയ ജലസല്യൂട്ടിന് ശേഷമാണ് അംബാലയിൽ റഫാൽ പറന്നിറങ്ങിയത്. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങൾ ഇന്ത്യയുടെ സൈന്യത്തിൻറെ സ്വന്തമാകും.