ജയില്‍ അഴിക്കുള്ളില്‍പ്പെടാതെ സുഹൃത്തിനെ സഹായിച്ചു; രക്ഷപെട്ട സുഹൃത്ത് മുങ്ങിയതിനാൽ അമ്മയുടെ ശവശരീരം കാണാൻ പോലും കഴിയാതെ ഒരു യുവാവ്

ദുബായ്: ജയില്‍ അഴിക്കുള്ളില്‍പ്പെടാതെ സുഹൃത്തിനെ സഹായിച്ചതിന്റെ പേരില്‍ യുഎഇയില്‍ അകപ്പെട്ടിരിക്കുകയാണ് അബ്ദുല്‍ റഹിം എന്ന യുവാവ്. ചെക്ക് കേസില്‍ പ്രതിയായ സുഹൃത്തിന്റെ ജാമ്യത്തിന് പാസ്‌പോര്‍ട്ട് വെച്ചതാണ് അബ്ദുള്‍ റഹീമിന് വിനയായത്. ജയില്‍ മോചിതനായ ശേഷം തൃശൂര്‍ സ്വദേശിയായ അനൂപ് മുങ്ങുകയും ചെയ്‌തു.

അനൂപ് തൃശൂരുകാരനാണെന്ന് മാത്രമേ റഹീമിന് അറിയുകയുള്ളൂ. വളരെ അധികം പരിചയമില്ലെങ്കിലും സുഹൃത്ത് ആപത്തിൽ പെട്ടപ്പോൾ റഹീം സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ശൈഖ് സായിദ് റോഡില്‍ ഒരു മാന്‍ പവര്‍ സപ്ലൈ കമ്പനി നടത്തി വന്നിരുന്ന അനൂപ് ഒരിക്കല്‍ ഒരു ചെക്ക് കേസില്‍ കുടുങ്ങുകയായിരുന്നു. ഒന്നുകില്‍ നല്‍കാനുള്ള പണം അടക്കുക, അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് ജാമ്യമായി വെക്കുക എന്നതായിരുന്നു പുറത്തുവിടാനുള്ള വ്യവസ്ഥ. സുഹൃത്തുക്കളും വീട്ടുകാരും കൈയ്യൊഴിഞ്ഞതോടെയാണ് റഹീം അനൂപിനെ സഹായിക്കാൻ തീരുമാനിക്കുന്നത്.

പുറത്തിറങ്ങിയാലുടന്‍ പണം സ്വരൂപിച്ച് കെട്ടിവെച്ച് പാസ്‌പോര്‍ട്ട് തിരിച്ചെടുത്തു തരാമെന്ന വാക്കു വിശ്വസിച്ച് 2016 അവസാനത്തില്‍ പാസ്‌പോര്‍ട്ട് നല്‍കി. രണ്ട് മാസത്തിനകം വിസ പുതുക്കാനുള്ളതാണെന്നും വേഗത്തില്‍ പ്രശ്‌നത്തിന് തീര്‍പ്പുണ്ടാക്കണമെന്നും പറഞ്ഞാണ് പാസ്‌പോര്‍ട്ട് നല്‍കിയത്.

എന്നാൽ പിന്നീട് അനൂപിന്റെ വിവരം ഒന്നും ഇല്ലാതെയായി. അനൂപിനായി ജാമ്യം വെച്ച പാസ്‌പോര്‍ട്ടില്‍ വിസ കാലാവധി കഴിഞ്ഞതോടെ റഹീമിന്റെ യുഎഇയിലെ താമസം നിയമവിരുദ്ധമായി. നാട്ടിൽ ഉമ്മയ്ക്ക് സുഖമില്ലാതാകുകയും മരിക്കുകയും ചെയ്‌തു. അനൂപ് വരുത്തിയ ബാധ്യതകള്‍ തീര്‍ക്കാന്‍ ബനിയാസ് സ്‌ക്വയറില്‍ നടത്തി വന്ന മൂന്ന് കടകളും വില്‍ക്കേണ്ടി വന്നു. അവസാന നാളുകളില്‍ ഉമ്മയെ കാണാനായില്ലെങ്കിലും അവരുടെ ഖബറിടത്തിലെങ്കിലും ചെന്ന് നിന്ന് പ്രാര്‍ഥിക്കണമെന്നാണ് ഇപ്പോൾ റഹീമിന്റെ ആഗ്രഹം.

Top