രഹ്‌ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു: ഇന്ന് തൃശൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റും

കൊച്ചി: നഗ്‌ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് തൃശൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റും. ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന് രഹ്ന നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ പിന്തുണ നൽകിയ എല്ലാവരോടും സ്നേഹം. നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നാണ് രഹ്ന ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പോലീസ്സ് റ്റേഷനിൽ കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രിം കോടതിയും ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കീഴടങ്ങിയത്. പൊലീസ് കേസെടുത്തത്തിന് പുറകേ രഹ്ന ഒളിവിൽ പോയിരുന്നു. നാളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജെയിലിലേക്ക് കൊണ്ടു പോകും. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു രഹ്‌നയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

Loading...

ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പൊലീസ് കാമറ, ട്രിപ്പോഡ്, പെയിന്റ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയുവ കണ്ടെടുത്തിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്നാണ് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചത്. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർക്കിടയിൽ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. മുൻകൂർ ജാമ്യം നിഷേധിച്ച സുപ്രീംകോടതി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിൻറെ പരിധിയിൽ ഈ കേസ് വരുമെന്നും വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങൽ. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.