രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കസ്റ്റഡിയിൽ, പോലീസ് ലാത്തി കൊണ്ടടിച്ചുവെന്ന് രാഹുൽ

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യുപി പൊലീസിന്റെ കസ്റ്റഡിയിൽ. ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വാഹനം ദില്ലി – യുപി അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങൾ അരങ്ങേറുകയാണ്. ദില്ലിയിലെ ഡിഎൻഡി ഫ്ലൈ ഓവറിൽ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിൻറെയും പ്രിയങ്കയുടെയും വാഹനം ഉത്തർപ്രദേശ് പൊലീസ് എത്തി തടഞ്ഞു. ഇരുവരെയും അൽപദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.

തടഞ്ഞാലും യാത്രയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു. യമുന എക്സ്പ്രസ് വേയിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റർ ദൂരമുണ്ട്. തുടർന്ന് രാഹുലും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. പൊലീസിനെ എതിരിടാൻ തുടങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Loading...

കരുതൽ കസ്റ്റഡിയാണെന്ന് യുപി പൊലീസ് പ്രതികരിച്ചു. ഹാത്രസിൽ നിന്നും 142 അകലെ ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ തടഞ്ഞിട്ടത്. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ഇരുവരും രുവരും പ്രവർത്തകർക്ക് ഇടയിലേക്കിറങ്ങി. പൊലീസ് തന്നെ തള്ളിയെന്നും ലാത്തിയ്ക്കടിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, ഗാന്ധി കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹഥ്റസ് ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മേഖല പൂർണമായും അടച്ചിടാനും ഡിഎം നിർദേശം നൽകി. പൊലീസ് എന്നെ തള്ളി. ലാത്തിച്ചാർജ് ചെയ്തു. നിലത്തേക്കെറിഞ്ഞു. മോഡിജിക്ക് മാത്രമാണോ ഈ രാജ്യത്ത് നടക്കാൻ സ്വാതന്ത്ര്യമുള്ളൂ? ഒരു സാധാരണ മനുഷ്യന് നടക്കാൻ അവകാശമില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ നടക്കാൻ തുടങ്ങിയതെന്ന് രാഹുൽ പ്രതികരിച്ചു.