ഹെലികോപ്റ്ററില്‍ വന്നിറങ്ങി തുറന്ന വാഹനത്തില്‍ കളക്ട്രേറ്റിലേക്ക്; രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുകുള്‍ വാസ്‌നിക്ക്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വയനാട്, കോഴിക്കോട് ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നത്.

കാല്‍ ലക്ഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കുന്നത്. തുറന്ന ജീപ്പിലാണ് രാഹുല്‍ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത്. ഏറെനേരം കാത്തുനിന്ന പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടായിരുന്നു ഇത്. പത്രികാ സമര്‍പ്പണത്തിനു ശേഷം റോഡ് ഷോ നടത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി….

രാഹുല്‍ എത്തുന്നതിനു മുന്നോടിയായി പ്രത്യേക ഹെലികോപ്ടറില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിയും കെ.സി. വേണുഗോപാലും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കല്‍പ്പറ്റയിലെത്തി നേതാക്കളുമായി റോഡ് ഷോ സംബന്ധിച്ച് ചര്‍ച്ച നടത്തി.