ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെ തനിക്ക് ഭയമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. കാര്‍ഷിക നിയമ പിന്‍വലിക്കുകയല്ലാതെ മോദി സര്‍ക്കാരിന്റെ മുന്നില്‍ മറ്റൊരു വഴിയില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. താന്‍ നൂറു ശതമാനവും കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഓരോ ഇന്ത്യക്കാരനും ഇതിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മോദിയേയോ മറ്റാരെയോ ഭയപ്പെടുന്നില്ല. ഞാന്‍ ശുദ്ധനായ വ്യക്തിയാണ്. അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല. ഞാനൊരു രാജ്യസ്നേഹിയാണ്, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുകയാണ്, അത് തുടരുകയും ചെയ്യും’- രാഹുല്‍ പറഞ്ഞു.
ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എങ്ങനെയാണ് അര്‍ണബ് ഗോസ്വാമിക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. വിവരങ്ങള്‍ അര്‍ണബിന് ചോര്‍ത്തി നല്കിയവര് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്ഥാനും ഈ വിവരങ്ങള്‍ കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.