മോദിക്ക് സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒരു ചുക്കുമറിയില്ല ; രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒരു ചുക്കുമറിയില്ലെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ജയ്പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരായ യുവ ആക്രോഷ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“യു.പി‌.എ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി 9 ശതമാനമായി വളര്‍ന്നിരുന്നു. ലോകം മുഴുവന്‍ നമ്മളെ നോക്കിക്കൊണ്ടിരുന്നു. ഇന്ന് ജി.ഡി.പി കണക്കാക്കാന്‍ നിങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡം ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് 5% നിരക്കും ഉണ്ട്. ജി.ഡി.പി കണക്കാക്കാന്‍ നിങ്ങള്‍ പഴയ മാനദണ്ഡം ഉപയോഗിച്ചാല്‍ ഇന്ത്യ 2.5 ശതമാനമെന്ന് കാണാം- രാഹുല്‍ വ്യക്തമാക്കി.

Loading...

പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ജി.എസ്.ടി എന്താണെന്ന് മോദിക്ക് പോലും മനസ്സിലാകുന്നില്ല. നോട്ട് നിരോധിക്കാന്‍ പോകുമ്ബോള്‍ ഒരു എട്ട് വയസുകാരനോട് അഭിപ്രായം തേടിയിരുന്നെങ്കില്‍ നോട്ട് നിരോധനം നല്ലതിനേക്കാള്‍ ദോഷം ചെയ്യുമെന്ന് അവന്‍ പറയും.

സാഹോദര്യം മുഖമുദ്രയാക്കിയ ആഗോള പ്രതിച്ഛായ ആയിരുന്നു ഇന്ത്യയുടേത്. പാകിസ്താനെ പലപ്പോഴും ഇത് വെച്ചാണ് വിമര്‍ശിച്ചിരുന്നത്. പ്രധാനമന്ത്രി ഈ പ്രതിച്ഛായ നശിപ്പിച്ചു. ഇന്ത്യയെ ഇന്ന് ലോകം ബലാത്സംഗ തലസ്ഥാനമായി കണക്കാക്കുന്നു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച്‌ ഒരു വാക്കും പറയില്ല.

തൊഴിലില്ലായ്മയെ പറ്റിയോ മറ്റോ നമ്മുടെ യുവാക്കള്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ലക്ഷ്യമിടുന്നു, അവര്‍ നിങ്ങളെ വെടിവച്ചുകൊല്ലുന്നു. ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാല സന്ദര്‍ശിച്ച്‌ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു, അദ്ദേഹത്തിന് ഒരിക്കലുമത് കഴിയില്ല, പക്ഷേ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയും- രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി മോദിക്കെതിരെ നടത്തിയ പലപരാമര്‍ശങ്ങളും വിവാദമായിരുന്നു. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പു പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാംലീല മൈതാനിയില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

സത്യം പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും മാപ്പു പറയില്ല. ഒരു കോണ്‍ഗ്രസുകാരനും അത്തരത്തില്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്ബത്ത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അസിസ്റ്ററ്റ് അമിത് ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്.
നരേന്ദ്രമോദി അധികാരത്തില്‍ വന്നു 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കുന്നതിനാണെന്ന് പറഞ്ഞ് മോദിജി നിങ്ങളെ വിഢികളാക്കി.എന്നിട്ട് എന്തുണ്ടായി? ഇനിയും രാജ്യം അതില്‍ നിന്നും മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് 9% വളര്‍ച്ചയുണ്ടായിരുന്ന സമയമുണ്ടായിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ചായിരുന്നു അന്ന് ആളുകള്‍ സംസാരിച്ചിരുന്നത്. ആളുകള്‍ ചൈനയുടെയും ഇന്ത്യയുടെയും വിജയഗാഥയെക്കുറിച്ച്‌ സംസാരിച്ചു ‘ചൈനിന്ത്യ’ എന്ന് വിളിച്ചുഎന്നാല്‍ ഇന്ന് ആളുകളെ നോക്കൂ. അവര്‍ ഉള്ളിയും കൈയ്യില്‍ പിടിച്ച്‌ നില്‍ക്കുകയാണ്. ഉള്ളിവില 200 ല്‍ എത്തിയിരിക്കുന്നു- രാഹുല്‍ പറഞ്ഞു.