ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി, ചിത്രം വൈറലാകുന്നു

ഉന: സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തകരാര്‍. രാഹുല്‍ഗാന്ധി തന്നെ തകരാര്‍ പരിഹരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

‘നല്ല ടീംവര്‍ക്ക് എന്നാല്‍ എല്ലാ കൈകളും മേല്‍ത്തട്ടില്‍ എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് തകരാറുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ആ പ്രശ്‌നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാര്‍,’ ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

ഏഴാം ഘട്ടത്തില്‍ മെയ് 19നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പ്കളെ അപേക്ഷിച്ച് സാമൂഹമാധ്യമങ്ങളുടെ സാധ്യത വളരെയധികം ഉപയോഗിച്ച തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുന്നതില്‍ മുന്‍ പന്തിയിലുണ്ട്.

കഴിഞ്ഞ മാസം ബീഹാറിലേക്ക് പ്രചാരണത്തിന് പോയ രാഹുല്‍ ഗാന്ധിയുടെ വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.