ലഖിംപുരിലേക്ക് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു ; ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ ലഖിംപുര്‍ ഖേരിലേക്കുള്ള അനുമതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും യോഗി സര്‍ക്കാര്‍ നിഷേധിച്ചു. അതെ സമയം രണ്ടു ദിവസം മുമ്ബ് മരണപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി ലഖിംപുരിലെത്തിയ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഇതിനോടകം യുപി പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്.

ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് ലഖിംപുരിലേക്കുള്ള സന്ദര്‍ശനത്തിന് അനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. എന്നാല്‍ ആള്‍ക്കൂട്ടത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗാന്ധിക്കും സംഘത്തിനും യുപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Loading...

ഇതിന് പിന്നാലെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. ഉത്സവങ്ങള്‍, വിവിധ പ്രവേശന പരീക്ഷകള്‍, കര്‍ഷക പ്രതിഷേധങ്ങള്‍ എന്നിവ കണക്കിലെടുത്ത് ക്രമസമാധാനം നിലനിര്‍ത്താനും കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി നവംബര്‍ എട്ടു വരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലഖ്‌നൗ പോലീസ് വ്യക്തമാക്കി .

അതെ സമയം , കസ്റ്റഡിയിലെടുത്ത് 38 മണിക്കൂറിനുശേഷവും തന്നെ എന്തിനാണ് തടങ്കലില്‍ വെച്ചതെന്ന് പോലീസ് അറിയിച്ചില്ലെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയില്ലെന്നും പ്രിയങ്കാ ഗാന്ധി പ്രസ്താവനയില്‍ ആരോപിച്ചു. കാറിടിച്ച്‌ കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രിപുത്രനെ കസ്റ്റഡിയിലെടുക്കാതെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ശക്തമായി ആഞ്ഞടിച്ചു .
പ്രിയങ്ക ഗാന്ധി അറസ്റ്റിലായതിനെത്തുടര്‍ന്ന് സീതാപുരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു .