രാഹുൽ ബസിലും കാൽനടയുമായി ഭാരത യാത്രക്ക്

ഒരു ഫിനിക്സ് പക്ഷിയേ പോലെ ഉയർത്തെഴുന്നേല്ക്കാൻ രാഹുൽ ഇന്ത്യൻ ഗ്രാമങ്ങളിലേക്കിറങ്ങുന്നു. ഗ്രാമങ്ങളിലാണ്‌ ഇന്ത്യ എന്ന ഗാന്ധിയൻ തിരിച്ചറിവുകൾ മുറുകെ പിടിച്ച് രാഹുൽ നടത്തുന്ന ഭാരത യാത്രയുടെ വിവരം ഇന്ത്യൻ എക്സ്പ്രസാണ്‌ പുറത്ത് വിട്ടത്.

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ കൂട്ട രാജികളും കൂറുമാറ്റങ്ങളും കോണ്‍ഗ്രസിന്‌ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിലവിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമായിരിക്കും രാഹുലിന്റെ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

Loading...

രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതയാത്ര സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും കാല്‍നടയായുമായിരിക്കും യാത്രകള്‍. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനം ഉണ്ടാവൂ. നേരത്തെ തന്നെ രാഹുല്‍ ഇത്തരമൊരു യാത്ര ഉദ്ദേശിച്ചിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.