Loading...

പൂനെ: ഗജേന്ദ്രചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാക്കി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് വിദ്യാഭ്യാസ, ഉദ്യോഗ, നീതിന്യായ മേഖലകളെ തരംതാഴ്ത്താനുള്ള ആര്‍.എസ്.എസിന്റെ വിശാല പദ്ധതിയുടെ ഭാഗമാണെന്ന് രാഹുല്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷം ആളുകളും ഒരാളെ തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ അങ്ങോട്ട് അയക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ഗജേന്ദ്രയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്നവരെ ദേശവിരുദ്ധരും ഹിന്ദുവിരുദ്ധരുമായി ചിത്രീകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ റാലികളില്‍ നിന്നു വ്യത്യസ്തമായി ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞാണ് രാഹുല്‍ ക്യാംപസിലെത്തിയത്. നേരത്തെ, ക്യാംപസ് സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ ഇന്‍സ്റ്റിറ്റ്യൂട്ടിലത്തെിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ഥികള്‍ ആശങ്ക രാഹുലുമായി പങ്കിട്ടു. ആര്‍.എസ്.എസ് ആസൂത്രിതമായാണ് നീങ്ങുന്നതെന്നും എല്ലാ മേഖലകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Loading...

‘നിങ്ങളുടെ സമരത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണ്. അപ്രധാനിയായ ഒരാളെ തലവനാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനെ ആര്‍.എസ്.എസ് ആണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് നിങ്ങളുടെ സ്ഥാപനത്തില്‍ മാത്രമുള്ളതല്ല. രാജ്യത്തുടനീളമുണ്ട്. ഞങ്ങളെ അംഗീകരിക്കുക. എന്നാല്‍ നല്ലത്. അല്ലെങ്കില്‍ എടുത്തു പുറത്തേക്കെറിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ദേശവിരുദ്ധന്‍, ഹിന്ദു വിരുദ്ധന്‍ എന്നു വിളിച്ച് ജനങ്ങളുടെ വായയടപ്പിക്കുയാണിപ്പോള്‍. ഒരു ആശയം മാത്രം രാജ്യത്തു മതി എന്നാണ് അവര്‍ ചിന്തിക്കുന്നത്. നിങ്ങളും ആര്‍.എസ്.എസും ചിന്തിക്കുന്നതില്‍ മൗലികമായ വ്യത്യാസങ്ങളുണ്ട്.

സ്ഥാപനത്തിലെ വിഷയത്തില്‍ നിങ്ങള്‍ എങ്ങനെ പൊരുതുന്നു എന്നതാണ് എന്റെ യഥാര്‍ത്ഥ ചോദ്യം. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇവിടെ മാത്രം പ്രതിഷേധമുയര്‍ത്തിയാല്‍ പോര. പുറത്തുമുണ്ടാവണം പ്രതിഷേധം. നിങ്ങളേക്കാള്‍ ശക്തരായി ആരുമില്ല. ഇന്ത്യന്‍ ഭരണകൂടം മുഴുവന്‍ 250 വിദ്യാര്‍ത്ഥികളെ എങ്ങനെ നേരിടുന്നു എന്നതില്‍ നിങ്ങള്‍ക്ക് നല്ല ഒരു സിനിമയെടുക്കാം. രാഹുല്‍ പറഞ്ഞു. ബി.ജെ.പിയില്‍ പ്രധാനമന്ത്രി മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹത്തിന് മാത്രമേ അധികാരമുള്ളൂ. നരേന്ദ്രമോദി ഗജേന്ദ്ര ചൗഹാനില്‍ ഒരു തീരുമാനമെടുത്താല്‍ ബി.ജെ.പിയില്‍ ഒരാള്‍ക്കും അതു മാറ്റാന്‍ സാധ്യമല്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

rahul pune

വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ രാഹുലിനോട് ആവശ്യപ്പെട്ടു. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ഗുല്‍സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാംബെനഗല്‍ തുടങ്ങിയ വിഖ്യാത സിനിമാക്കാരെ തഴഞ്ഞായിരുന്നു ഗജേന്ദ്രയുടെ നിയമനം. മഹാഭാരത സീരിയലില്‍ യുധിഷ്ഠിരന്റെ വേഷം ചെയ്തതു മാത്രമാണ് ഗജേന്ദ്രയുടെ എടുത്തുപറയാവുന്ന സിനിമാബന്ധം.

ചിരഞ്ജീവിയും രാജ് ബബ്ബറും രാഹുല്‍ ഗാന്ധിയുടെ കൂടെയുണ്ടായിരുന്നു