പഞ്ചാബിലും രാജസ്ഥാനിലും നീതി നിഷേധമുണ്ടായാല്‍, അവിടെയും ഞാന്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പീഡന പരാതികളില്‍ നീതി നിഷേധിച്ചാല്‍ നീതിക്കായി പോരാടാന്‍ ആ സംസ്ഥാനങ്ങളിലേക്കും പോകുമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പീഡനങ്ങളില്‍ രാഹുല്‍ നിശബ്ദത പാലിക്കുന്നെന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം.

യുപിയില്‍ നിന്ന് വ്യത്യസ്തമായി പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന കാര്യം നിഷേധിക്കുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും നീതിയുടെ വഴി തടയുകയും ചെയ്യുന്നില്ല. ഇനി അങ്ങനെ ഉണ്ടായാല്‍ നീതിക്കായി പോരാടാന്‍ ആ സംസ്ഥാനങ്ങളിലേക്കും പോകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Loading...

പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും കടന്നാക്രമിച്ചിരുന്നു. ഹത്രാസ് കൊലപാതകത്തിന്റെ പേരില്‍ ബിജെപിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി രാഷ്ട്രിയ ടൂറുകള്‍ അവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു. ബിഹാര്‍ സ്വദേശിയായ ആറ് വയസുകാരി പഞ്ചാബിലെ ടാണ്ട ഗ്രാമത്തില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ ടൂറുകള്‍ നടത്തുന്നതിന് പകരം രാഹുല്‍ ഗാന്ധി ടാണ്ടയും രാജസ്ഥാനുമെല്ലാം സന്ദര്‍ശിക്കണമെന്നും പഞ്ചാബിലെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ ടാണ്ടയിലെ കുടുംബത്തെ സന്ദര്‍ശിച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനീതികള്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ഹത്രസിലും മറ്റു സ്ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം അവര്‍ ഫോട്ടോയെടുക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.