യുവാക്കള്‍ മോദിയെ ലാത്തികൊണ്ട് തല്ലാന്‍ തുടങ്ങുമെന്ന് രാഹുല്‍;തനിക്ക് ഏല്‍ക്കില്ലെന്ന് മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദിയെ ഇന്ത്യയിലെ യുവാക്കള്‍ 6 മാസത്തിനുള്ളില്‍ ലാത്തി ഉപയോഗിച്ച് തല്ലി ക്കൊല്ലുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ദില്ലിയിലെ റാലിക്കിടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.മോദിക്ക് അധികം വൈകാതെ തന്നെ വീടിന് പുറത്തിറങ്ങാനാവില്ല. യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് അടിക്കാന്‍ തുടങ്ങും. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ രാജ്യത്തിന് പുരോഗതിയില്ലെന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി രാഹുലിന്റെ ആരോപണത്തിന് ലോക്‌സഭയിലെ നന്ദിപ്രമേയത്തിലാണ് മോദി മറുപടി നല്‍കിയത്. വര്‍ഷങ്ങളായി താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്റെ ശരീരത്തിന് അടിയേല്‍ക്കില്ലെന്നും മോദി പറഞ്ഞു. പ്രതിപക്ഷം തന്നെ, ജനങ്ങള്‍ ആറ് മാസത്തിനുള്ളില്‍ അടിക്കാന്‍ തുടങ്ങുമെന്ന് പറയുന്നു. എന്നാല്‍ ഞാന്‍ ചെയ്യുന്ന യോഗയിലെ സൂര്യനമസ്‌കാരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. തന്റെ ആരോഗ്യം ഇത്തരം മര്‍ദിക്കലുകളെ താങ്ങുന്നതിന് സജ്ജമാണെന്നുമായിരുന്നു മോദിയുടെ മറുപടി.

Loading...

രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനോട് മോദിക്ക വലിയ താല്‍പര്യമില്ല. കാരണം മോദിയുടെ രാഷ്ട്രീയത്തിന്റെ ഓക്‌സിജനാണ് തൊഴിലില്ലായ്മ. ദേശീയതയുടെ കാര്യത്തില്‍ മോദിക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. എന്നാല്‍ തൊഴിലിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് അത് സാധിക്കില്ല. അധികം വൈകാതെ തന്നെ യുവാക്കള്‍ അദ്ദേഹത്തെ മര്‍ദിക്കാന്‍ തുടങ്ങും. തൊഴിലില്ലാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് അതിലൂടെ മോദി മനസ്സിലാക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തോളം, ഇത്തരം മോശം വാക്കുകളെയും അപമാനിക്കലുകളെയും താന്‍ നേരിട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയായി മോദി പറഞ്ഞു. നേരത്തെ രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ബിജെപി പ്രകോപിതരാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗിച്ച് നടക്കുകയാണ്. എന്നാല്‍ ആറ് മാസം കഴിഞ്ഞാല്‍, സ്വന്തം വീട് വിട്ട് അദ്ദേഹത്തിന് പുറത്തേക്കിറങ്ങാന്‍ പോലും സാധിക്കില്ലെന്നും രാഹുല്‍ പരഞ്ഞിരുന്നു. ധനമന്ത്രിക്ക് തൊഴില്‍ വര്‍ധിപ്പിക്കുന്നതിനായി ബജറ്റില്‍ ഒരു നിര്‍ദേശം പോലും പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ യുവജനത തൊഴിലിനെ കുറിച്ചാണ് സര്‍ക്കാരിനോട് ചോദിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഈ രാജ്യത്തെ ഷഹീന്‍ബാഗാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാരുടെ ചുമലില്‍ നിന്ന് കൊണ്ട് കോണ്‍ഗ്രസ് ബിജെപിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. അതേസമയം യുവാക്കള്‍ തൊഴിലില്ലായ്മ കാരണം തെരുവില്‍ അലയുകയാണെന്നും, എന്നാല്‍ അവരുടെ കോപം കെജ്‌രിവാളും മോദിയും ദുരുപയോഗം ചെയ്യുകാണ്. ഇവരുടെ രാഷ്ട്രീയം വെറുപ്പിന്റേതാണ്. തൊഴില്‍ നല്‍കിയാല്‍ ആ രാഷ്ട്രീയം അവസാനിക്കുമെന്ന് അവര്‍ക്കറിയാമെന്നും, അവര്‍ രണ്ട് പേരും ചേര്‍ന്ന് രാജ്യത്തെ വിഭജിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

രാഹുലിനെതിരെ സഭയില്‍ വ്യക്തിപരമായ പരാമര്‍ശങ്ങളും മോദി നടത്തി. മോദിയുടെ പ്രസംഗത്തിനിടെ ചോദ്യം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴാണ് മോദി ഈ പരാമര്‍ശം നടത്തിയത്. രാഹുല്‍ ട്യൂബ് ലൈറ്റാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ 40 മിനുട്ടോളമായി ഞാന്‍ ഇവിടെ സംസാരിക്കുന്നുണ്ട്. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത്രയും സമയം അവര്‍ക്ക് വേണ്ടി വന്നു. ഒരുപാട് ട്യൂബ് ലൈറ്റുകള്‍ ഇത്തരത്തിലുണ്ടെന്നും മോദി പരിഹസിച്ചു.

പാര്‍ലമെന്റില്‍ ട്യൂബ് ലൈറ്റ് പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷത്തെയും മോദി പരിഹസിച്ചു. നിങ്ങളുടെ തൊഴിലില്ലായ്മ ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ലെന്നായിരുന്നു പരിഹാസം. ഒരു കാര്യം ഞങ്ങള്‍ ഒരിക്കലും ചെയ്യില്ല. നിങ്ങളുടെ തൊഴിലില്ലായ്മ ഒരിക്കലും ഞങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും മോദി പരിഹസിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് ഇത് ഭരണപക്ഷം സ്വീകരിച്ചത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ഒരാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രമുണ്ടായിരുന്നു. അതിനായി ഇന്ത്യയുടെ ഭൂപടത്തില്‍ ഒരു വര വരച്ച് രാജ്യത്തെ രണ്ടായി വിഭജിച്ചു. എന്നാല്‍ വിഭജനത്തിന് ശേഷം ഹിന്ദുക്കളും സിഖുക്കളും മറ്റ് ന്യൂനപക്ഷങ്ങളും മതപരമായ പീഡനം നേരിട്ടത് ഊഹിക്കാവുന്നതിലം അധികമായിരുന്നു. പാകിസ്താനില്‍ മതത്തിന്റെ പേരില്‍ ആരും പീഡിപ്പിക്കപ്പെടില്ലെന്നായിരുന്നു നെഹ്‌റു-ലിയാഖത്ത് കരാറില്‍ പറഞ്ഞിരുന്നത്. അസമില്‍ എപ്പോഴൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ, അന്നൊക്കെ ഹിന്ദു-മുസ്ലീം അഭയാര്‍ത്ഥികളെ അദ്ദേഹം വേര്‍തിരിച്ചിരുന്നു. നെഹ്‌റു വര്‍ഗീയവാദിയായിരുന്നോ എന്ന ചോദ്യവും മോദി ഉന്നയിച്ചു.