ആരും അറിയരുതെന്ന് രാഹുല്‍ ആഗ്രഹിച്ചിട്ടും ആ സത്യം പുറത്ത് ; നിര്‍ഭയയുടെ സഹോദരന് ചെയ്ത് കൊടുത്ത സഹായം ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍നിന്നു (ഐജിആര്‍യുഎ) പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി. പരിശീലനം പൂര്‍ത്തിയാക്കിയത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹായത്തോടെയാണ്.

ഈ വിവരം പുറത്തുപറയുന്നത് രാഹുല്‍ വിലക്കിയിരുന്നതാണെങ്കിലും നിര്‍ഭയയുടെ അമ്മയെ സന്ദര്‍ശിച്ച വിദേശമാധ്യമ പ്രതിനിധിയിലൂടെ വാര്‍ത്ത പുറത്തുവരികയായിരുന്നു. മകനു പൈലറ്റ് പഠനത്തിനു പ്രവേശനം നേടിക്കൊടുത്തതും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്തതും രാഹുല്‍ ഗാന്ധിയാണെന്നു വ്യക്തമാക്കിയ നിര്‍ഭയയുടെ അമ്മ ആശാ ദേവി, ആ വലിയ മനസ്സിന് നന്ദി പറഞ്ു. ഇളയമകന്‍ പുണെയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

നിര്‍ഭയയുടെ രണ്ടു സഹോദരന്‍മാരില്‍ മൂത്തയാളാണു പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്.2012 ക്രൂരപീഡനത്തിന് ഇരയായി നിര്‍ഭയ കൊല്ലപ്പെടുമ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഈ സഹോദരന്‍. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരനായിരുന്ന നിര്‍ഭയയുടെ പിതാവ് ബി.എന്‍.സിങ്ങിനു പിന്നീടു ജോലി സ്ഥിരപ്പെടുത്തി നല്‍കി.

നിര്‍ഭയയുടെ കുടുംബത്തിന് ചെയ്യുന്ന സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.