ട്രെയിനിലുളള തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റ് എറിഞ്ഞു നല്‍കി പരിഹസിച്ചു, റെയില്‍വെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി; ശ്രമിക് ട്രെയിനിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റ് എറിഞ്ഞു നല്‍കിയ റെയില്‍വെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ട്രെയിന്‍ യാത്ര ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇയാള്‍ ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കിയത്. ഇതിന്റെ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വന്നതോടെയാണ് പ്രതിഷേധത്തിലേക്ക് വഴി വെച്ചതും ചീഫ് ഇന്‍സ്‌പെക്ടറായ ഡി.കെ ദീക്ഷിതിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.

ബിസ്‌ക്കറ്റ് എറിഞ്ഞുകൊടുക്കുക മാത്രമല്ല ഇയാള്‍ തൊഴിലാളികളോട് അനാദരവോടെയാണ് പെരുമാറിയതും. ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുന്നതോടൊപ്പം തൊഴിലാളികളെ ഇയാള്‍ ശാസിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതേസമയം ദീക്ഷിതിന്റെ പിറന്നാള്‍ പ്രമാണിച്ചാണ് ബിസ്‌ക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ പറയുന്നുണ്ടായിരുന്നു. ഒരു ബിസ്‌ക്കറ്റ് കൂടുതല്‍ ചോദിച്ച യാത്രക്കാരനോട് ഒരെണ്ണം മാത്രമേ നല്‍കൂവെന്നും മറ്റുള്ളവരുമായി പങ്ക് വെച്ച് കഴിക്കണമെന്നും പരിഹസിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഏതായാലും വലിയ വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

Loading...