രാജ്യത്ത് 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി : രാജ്യത്തുടനീളം 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. അടുത്ത 10 ദിവസത്തിനുള്ളിലാണ് 2600 ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇതിനാൽ രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്.

കഴിഞ്ഞ 23 ദിവസത്തിനിടെ, 2600 ശ്രമിക് സ്പെഷൽ ട്രെയിനുകളാണ് രാജ്യത്ത് സേവനം നടത്തിയത്. വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ 36 ലക്ഷത്തോളം അതിഥി തൊഴിലാളികളെ ഇതുവരെ സ്വദേശങ്ങളിലേയ്ക്ക് തിരികെ അയച്ചിട്ടുണ്ട്. ലോക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്പെഷൽ ട്രെയിൻ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ശ്രമിക് ട്രെയിനുകൾക്കു പുറമെ, 15 ജോഡി സ്പെഷൽ ട്രെയിനുകളും ഈ മാസം 12 മുതൽ റെയിൽവേ മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിനു പുറമെ, അടുത്തമാസം ഒന്ന് മുതൽ, 200 ട്രെയിൻ സേവനങ്ങൾ കൂടി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Loading...

അതേസമയം കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കൊവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മെയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു.