അറബിക്കടലില്‍ അംബാന്‍ ചുഴലി ശക്തിപ്രാപിക്കുന്നു; കേരളം കനത്ത മഴയിലേയ്ക്ക്

ബെംഗുളൂരു : അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവന്‍ തീരത്തു നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തു നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇക്കൊല്ലം അറബിക്കടലില്‍ രൂപപ്പെടുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണ് ഇത്.

Loading...

അംബാന്‍ എന്നാണ് ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നു.

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. 48 മണിക്കൂറില്‍ മഴ ശക്തിപ്രാപിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോടു ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനിടയുണ്ട്.

24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അഞ്ച് ദിവസമാണ് നിയന്ത്രണമുള്ളത്. 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല,കേരള തീരം എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാതിരിക്കാന്‍ മത്സത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.

നാളെ മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.

നാലിന് മണിക്കൂറില്‍ 50 മുതല്‍ 60 വരെ (ചില നേരങ്ങളില്‍ 70 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോടു ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.

അഞ്ചിന് മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

04 -12-2019 , 05 -12 -2019 : കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത. ഈ കാലയളവില്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

തെക്കു പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള സോമാലിയന്‍ തീരത്തും അടുത്ത 3 ദിവസത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് നിര്‍ദേശിക്കുന്നു.