സംസ്ഥാനത്ത് നാളെയും മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തെക്ക് – കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ് -ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ചയും കേരളത്തിൽ പരക്കെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അത് കൂടാതെ ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയും അറബിക്കടലിൽ ബുധനാഴ്ചയും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച്‌ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനഫലമായി കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലും തിങ്കളാഴ്ച ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ഇടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...