സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. തെക്കൻ ജില്ലയിൽ നിന്ന് മഴ പാടെ ഒഴിഞ്ഞുമാറി. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നത്. അതേസമയം വടക്കൻ മേഖലയിൽ ചെറിയ രീതിയിലെങ്കിലും കനത്ത മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്നു യെല്ലോ അലർട്ട് പിൻവലിച്ചിരിക്കുകയാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്. അതേസമയം, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുകയാണ്. അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാകില്ല. തുലാവർഷം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് പെയ്ത മഴ സർവ്വകാല റെക്കോഡ് മറികടന്നു.

അറബിക്കടലിൽ കർണാടക തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കും. കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ കനത്ത മഴ ഭീഷണിയില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തൽ.ന്യൂനമർദ്ദങ്ങൾ കാറ്റിനെ ഇരു ദിശകളിലായി വഴി പിരിക്കുന്നതിനാൽ കേരളത്തിൽ മഴ കുറയും. ഒക്ടോബറിലും നവംബറിലുമായി 8 ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടുകഴിഞ്ഞു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് ഇവയെല്ലാം രൂപപ്പെട്ടത്.പരമ്പരാഗത തുലാമഴ രീതിയിൽ നിന്ന് വ്യത്യസ്തമായ മഴക്ക് ഇതാണ് കാരണം.

Loading...

ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് തുലാവർഷക്കാലമായി കണക്കാക്കുന്നത്. തുലവാർഷം പകുതി പിന്നടുമ്പോൾ കേരളത്തിൽ ഇതുവരെ പെയ്തത് റെക്കോഡ് മഴ. നവംബർ 15 വരെ കേരളത്തിൽ 833.8 മി.മി. മഴയാണ് പെയ്തത്. കേന്ദ്ര കാലവസ്ഥ വകുപ്പിൻറെ കണക്കനുസരിച്ച് തുലാവർഷമഴ 800 മി.മിൽ കൂടുതൽ കിട്ടിയത് ഇതിന് മുമ്പ് 2 തവണ മാത്രമാണ്.1977 ലും 2010 ലും. 2010ൽ 823 മി.മി. മഴയാണ് കിട്ടിയത് പസഫിക് സമുദ്രത്തിലേയും ഇന്ത്യൻ മഹാസമുദ്രത്തിലേയും എൽനിനോ, ലാനിനോ പ്രതിഭാസങ്ങളുടെ മാറ്റം തുലാവർഷക്കാലത്ത് വരും ദീവസങ്ങളിലും സ്വാധിനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.