ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് അറിയിപ്പ്

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ മഴ രാജ്യത്തെ ചില പ്രദേശങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അല്‍ ഹംറയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ഇവിടെ 67 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി മുന്നറിയിപ്പ് നല്‍കി. അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ പര്‍വത പ്രദേശങ്ങളിലായിരിക്കും പ്രധാനമായും ശനിയാഴ്ച വൈകുന്നേരം മഴ ലഭിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

Loading...

വെള്ളിയാഴ്ച അല്‍ ദാഹിറ, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ബാത്തിന തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ വിവിധ തീവ്രതകളിലുള്ള മഴ ലഭിച്ചിരുന്നു. ഇവിടങ്ങളിലെ വാദികളില്‍ വെള്ളം ഉയര്‍ന്നു. ബഹ്‍ല വിലായത്തില്‍ 49 മില്ലീമീറ്ററും അല്‍ മുദൈബിയില്‍ 27 മില്ലീമീറ്ററും ഇബ്രയില്‍ എട്ട് മില്ലിമീറ്ററും മഴ ലഭിച്ചതായാണ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് മന്ത്രാലയത്തിന്റെ കണക്ക്.