കാലവർഷം നേരത്തെയെത്തി; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെയത്തി. ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന നി‍ർദേശമുണ്ട്.

കാലവർഷം കേരളത്തിൽ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ പടിഞ്ഞാറൻ കാറ്റിൻ്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ തുടർച്ചയായി കരയിലെത്തിക്കാൻ പര്യാപ്തമല്ലാത്തതാണ് മഴ കുറയാൻ കാരണം. ജൂൺ രണ്ടാം വാരത്തോടെ കാലവർഷം മെച്ചപ്പെട്ടേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം വടക്കൻ കേരളത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതചുഴിയും അണുബന്ധ ന്യൂനമർദ പാത്തിയും മഴയെ സ്വാധീനിച്ചേക്കും.

Loading...