ദില്ലി കലാപത്തിനെതിരെ രജനീകാന്ത്;രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച ഉണ്ടായി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയുമടക്കം രൂക്ഷവിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വലിയ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നേരിടേണ്ടി വരുന്നത്. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേന്ദ്രമന്ത്രിയടക്കം നാല് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. നാളെ ഇത് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. ഇപ്പോള്‍ കലാപത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് നടന്‍ രജനീകാന്ത് ആണ്. ദില്ലിയില്‍ നടന്ന കലാപത്തിന്റെ ഉത്തരവാദി കേന്ദ്രമാണെന്നാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്.

സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കലാപമായി മാറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചകൊണ്ടാണ് പ്രശ്നം കലാപമായി വളര്‍ന്നത്. കലാപം നേരിടുന്നതില്‍ ആഭ്യന്തരവകുപ്പിനായില്ല. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും രജനീകാന്ത് വ്യക്തമാക്കി.സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അക്രമികളെ അടിച്ചമര്‍ത്തണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

Loading...

ദില്ലി കലാപത്തിന്റെ തീ അണയുന്നില്ല. ഇതുവരെ മരണം ഇരുപത്തിയേഴായി. ഇതിനോടകം തന്നെ106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. നാല് ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് പൊലീസ് ക്രമസമാധാനം പാലിക്കാനായി തെരുവില്‍ ഇറങ്ങിയത്. ദില്ലി ഭൂരിഭാഗവും കത്തിക്കഴിഞ്ഞ്. നിരപരാധികളായ 22 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം. എന്തായാലും ഇപ്പോള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു.

പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളില്‍ കല്ലുകള്‍ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതേസമയം ഡല്‍ഹി കലാപം നേരിടുന്നതില്‍ വീഴ്ച്ച വരുത്തിയ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഡല്‍ഹി പൊലീസിന്റെ നടപടികളില്‍ പ്രൊഫഷണലിസമില്ല. കര്‍ക്കശമായ നടപടികള്‍ ഉണ്ടാകണമായിരുന്നു. പൊലീസ് സേന പ്രൊഫഷണലുകളായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല എന്ന് കോടതി പറഞ്ഞു.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്‌ബോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം. നിയമപ്രകാരം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഡല്‍ഹിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടന സ്ഥാപനത്തോടാണെന്ന് സോളിസിറ്റര്‍ ജനറലിനോട് കോടതി പറഞ്ഞു.