ചെന്നൈ: 1973 മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂറ്റില്‍ എത്തിയതോടെയാണ് രജനിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ആ സമയത്ത് രജനി നടത്തിയ സ്റ്റേജ് പെര്‍ഫോമന്‍സ് സംവിധായകന് ബാലചന്ദ്രറിന്റെ ശ്രദ്ധ ആകര്ഷിച്ചിതായിരുന്നു. 1975ല്‍ കെ.ബാലചന്ദര്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ രജനിക്ക് അവസരം ലഭിച്ചത് അതോടെ തമിഴ് സിനിമയില്‍ പുതിയൊരു സൂപ്പര്‍ താരം കൂടി ജനിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് നാലു പതിറ്റാണ്ടിനു ശേഷം 2018-ല്‍ തന്റെ 67-ാമത്തെ വയസ്സില്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. പുരട്ചി തലൈവിയുടെ വിടവാങ്ങലോടെ തമിഴ് രാഷ്ട്രീയം കീഴ്മേല്‍ മറിഞ്ഞുനില്‍ക്കുന്ന സമയത്താണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം പ്രസക്തമാകുന്നത്. എന്‍ ടി റാമറാവുവിനെയും എം ജി രാമചന്ദ്രനേയും പോലുള്ള സിനിമയില്‍ നിന്നെത്തി രാഷ്ട്രീയം കീഴടക്കിയ നേതാക്കളുടെ നിരയിലേക്കെത്താനാണ് രജനീകാന്തിന്റെ ശ്രമം. ആ നീക്കത്തെ തമിഴ്മക്കള്‍ എത്രത്തോളം വിജയിപ്പിക്കുമെന്നറിയില്ല. ആരാധനാ കഥാപാത്രങ്ങളെ ദൈവത്തെ പോലെ ആരാധിക്കുകയും അവക്കു വേണ്ടി ജീവത്യാഗം വരെ ചെയ്യുന്ന തമിഴ് മക്കളുടെ കാലം കഴിഞ്ഞു തുടങ്ങി.അതുകൊണ്ട് തന്നെ സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തെ ജനങ്ങള്‍ എത്രത്തോളം ആവേശത്തോടെ നെഞ്ചിലേറ്റും എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
രാഷ്ട്രീയവും സിനിമയും രണ്ടാണ്. സിനിമയിലെ നായകന്റെ ഹീറോയിസം എല്ലാം സംവിധായകന് പകര്‍ന്നു നല്‍കുന്നതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ അങ്ങനെ അല്ല. ഉചിതമായ തീരുമാനങ്ങള്‍ തക്കസമയത്ത് എടുക്കുക എന്നതാണ് രാഷ്ട്രീയത്തില്‍ ഒരു നേതാവിനെ നേതാവാക്കുന്നത്.തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ രജനിയെപ്പോലെ സന്ദേഹിയായ ഒരു നടന് തമിഴകത്ത് വേറെയില്ല എന്ന് തന്നെ പറയാം. പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചിരുന്ന രജനികാന്തിനെ പോലൊരു നടന് അതുകൊണ്ട് തന്നെ ഈ വൈകിയ വേളയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ജനം അദ്ദേഹത്തിന് മേല്‍ അര്‍പ്പിക്കാനും സാധ്യത ഇല്ല. അതും ബിജെപിയുടെ തേരാളിയായി കന്നി അംഗം കുറിക്കാനിറങ്ങുമ്പോള്‍ അതില്‍ രജനിക്ക് പോലും അല്‍പ്പം സന്ദേഹം ഇല്ലാതില്ല.
ജയലളിതയുടെ പേരില്‍ മുതലെടുപ്പ് നടത്തിയിട്ടും അമ്മയുടെ മണ്ഡലമായ ആര് കെ നഗറില്‍ പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും അവസ്ഥ നമ്മള് പരിതാപകരമായിരുന്നു്. ഇത്തരം ഒരു കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് ബിജെപിയുടെ മുന്നണിയുമായി ചേര്‍ന്ന് രജനീകാന്ത് രംഗപ്രവേശനത്തിനൊരുങ്ങുന്നത്. ബിജെപിക്ക് ഒട്ടും വേരില്ലാത്ത തമിഴ് നാട്ടില്‍ സുഹൃത്തായ നരേന്ദ്ര മോദിക്കു വേണ്ടി തന്നെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത എന്നത് രജനികാന്തിനു ആരാധകര്‍ നല്കുന്ന സ്നേഹത്തിനു ഇടിവു വരാന്‍ ഏറെ സാധ്യതയുള്ള ഒന്നാണ്.കഴിഞ്ഞ രണ്ട് ദശകങ്ങളായി ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവുമായി രജനി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയുമായിട്ടാണ്. തുഗ്ളക്ക് മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയായിരുന്നു മോദിക്കും രജനിക്കുമിടയില് മുന്നാനായിപ്രവര്ത്തിച്ചത്. ചോയ്ക്കു ശേഷം ഇപ്പോള്‍ ആ കണ്ണി ഗുരുമൂര്‍ത്തിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് ഞായറാഴ്ച രജനി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
2019 ല്‍ തമിഴകത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനുള്ള സാദ്ധ്യത ഏറെയാണ്. അങ്ങിനെ വന്നാല്‍ പാര്‍ലമെന്റിലേക്ക് മോദിയെ പിന്തുണയ്ക്കുക എന്ന നയമായിരിക്കും രജനി എടുക്കുക എന്നതില്‍ സംശയമില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് ചുരുങ്ങിയത് 25 സീറ്റെങ്കിലും പിടിക്കുക എന്നതാണ് ബിജെപിയുടെ അജണ്ട. ഈ അജണ്ടയില്‍ രജനികാന്തിന് നിര്‍ണ്ണായകമായ പങ്കാണ് ബിജെപി വിഭാവനം ചെയ്യുന്നത്. ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജര്‍ കരുണാനിധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തില്‍ ഒരു യഥാര്‍ത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്. ദേശം ഒന്നടങ്കം കാതോര്‍ക്കുന്ന ഒരു നേതാവ് ഇന്നിപ്പോള്‍ തമിഴകത്തില്ല.ഈ ശൂന്യത നികത്താന്‍ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്.1950ല്‍ ജനിച്ച രജനീകാന്ത് മഹാരാഷ്ട്രക്കാരനാണെങ്കിലും വളര്‍ന്നത് ബംഗളൂരുവിലാണ്. പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായാണ് രജനീകാന്തിന്റെ ജനനം. പിന്നീട് അഞ്ചാം വയസില്‍ രജനിക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ജീവിക്കുന്നതിനായി രജനി നിരവധി തൊഴിലുകള്‍ ചെയ്തിരുന്നു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായിട്ട് ജോലി നോക്കുമ്പോള്‍ ഒഴിവ് സമയങ്ങളില്‍ രജനികാന്ത് ബസില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ യാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.അപ്പുറത്ത് കമല്‍ഹാസനും രാഷ്ട്രീയത്തിലിറങ്ങാന്‍ കോപ്പുകൂട്ടുന്നുണ്ട്. രജനിയുടെ കരിസ്മയില്ലെങ്കിലും കമലിനു ചുറ്റും അണിനിരക്കാനും ആളുണ്ടാവും. ഇതിനടയിലാണ് ടി ടി വി ദിനകരന് അണ്ണാഡിഎംകെ പിടിക്കാന്‍ നീക്കം നടത്തുന്നത്.
തമിഴക രാഷ്ട്രീയം ഇങ്ങനെ കുഴഞ്ഞുമറിയുമ്പോള്‍ സ്വാഭാവികമായും ഡിഎംകെയും സ്റ്റാലിനും നേട്ടം കൊയ്യേണ്ടതാണ്. പക്ഷേ, സ്റ്റാലിന്റെ ജനിതകത്തില്‍ എവിടെയോ ഒരു രണ്ടാമൂഴക്കാരന്റെ നിഴല്‍ പതിഞ്ഞുകിടക്കുന്നുണ്ട്. രജനിയുടെ പാര്‍ട്ടി വളര്‍ത്താന്‍ സംഘപരിവാര്‍ പിന്നണിയിലുണ്ടാവുമന്നെതില് സംശയമില്ല.ഫാന്‍സുമായുള്ള സംവാദത്തിനിടയില്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മാത്രമാണ് രജനി സംസാരിച്ചത്. ആത്യന്തികമായി തന്റേത് ഒരു ആത്മീയ പ്രസ്ഥാനമായിരിക്കുമന്നെ രജനിയുടെ പ്രഖ്യാപനം ശ്രദ്ധിക്കാതിരിക്കാനാവില്ല. ആരാധകരുടെ ആവേശം വാനോളം ഉയരുമ്പോഴും രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കാണ് രാഷ്ട്രീയ രംഗം കാതോര്‍ക്കുന്നത്. ബിജെപിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലും രാഷ്ട്രീയത്തില്‍ ഏതു പക്ഷത്ത് നിലയുറപ്പിക്കും എന്ന കാര്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നില്ല.ദ്രാവിഡ കക്ഷികള്‍ക്ക് ബദല്‍ എന്ന വാദവുമായി രംഗത്തുവന്ന ബിജെപി.ക്ക് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തമിഴകത്തില്‍ സ്വാധീന ശക്തിയായി തീരാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രജനീകാന്തിലൂടെ രംഗത്തെത്താന്‍ ബിജെപി ശ്രമിക്കുന്നത്. ജയലളിതയുടെയും കരുണാനിധിയുടെയും ഇപ്പോള്‍ സ്റ്റാലിന്റെയും വ്യക്തിപ്രഭാവത്തോട് മത്സരിക്കാന്‍ കഴിവുള്ള നേതാവില്ലെന്നതായിരുന്നു ബിജെപി നേരിട്ടുവരുന്ന പ്രധാന പ്രതിസന്ധി. ഇതിനു പരിഹാരം കാണാന്‍ രജനീകാന്തിനു കഴിയുമെന്ന കണക്കുകൂട്ടലില്‍ അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ ബിജെപി. സര്‍വതന്ത്രവും പുറത്തെടുക്കുന്നുണ്ട്.രജനിയാണോ സ്റ്റാലിനാണോ ടി ടി വി ദിനകരനാണോ തമിഴകത്തിന്റെ ഭാഗധേയം നിര്ണ്ണയിക്കുകയെന്നറിയാന് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.