സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കും

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാമെന്ന് എ. ഐ. സി. സി ഉറപ്പ് നല്‍കിയെന്ന് സൂചന. വിമത നീക്കം നടത്തിയ എം. എല്‍. എ മാരില്‍ ചിലരെ മന്ത്രിയാക്കും. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ സച്ചിന്‍ പൈലറ്റിന്റെ പരാതികള്‍ പരിഹരിക്കാന്‍ സമിതി രൂപീകരിക്കാന്‍ ധാരണയായിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനൊടുവിലാണ് സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങിയത്. 18 എം. എല്‍. എ മാരുമായി വിമത നീക്കം നടത്തി, രാഷ്ട്രീയമായി ഒറ്റപ്പെട്ട സച്ചിന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനവും പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം രാത്രി രാഹുല്‍ ഗാന്ധിയുടെ ഓഫീസായ വാര്‍റൂമില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പദം വേണമെന്ന ആവിശ്യം സച്ചിന്‍ മുന്നോട്ട് വച്ചു. പക്ഷെ ജനകിയനായ അശോക് ഗെഹ്ലോട്ടിനെ മാറ്റാന്‍ ആകില്ല. പകരം 2023ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സച്ചിന്‍ പൈലറ്റിനെ പ്രഖ്യാപിക്കാം എന്ന ഉറപ്പ് നല്‍കിയെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് പറയുന്നത്. സച്ചിനോടൊപ്പം വിമത നീക്കം നടത്തിയ എം. എല്‍. എ മാരില്‍ ചിലരെ അടുത്ത മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരില്‍ സച്ചിന്‍ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി പദവും, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവും തിരികെ ലഭിക്കില്ല.

Loading...

യൂത്ത് കോണ്‍ഗ്രസ്, എന്‍. എസ്. യു തുടങ്ങിയ പോഷക സംഘടനകളിലെ ചുമതലകള്‍ സച്ചിന്‍ പൈലറ്റ് അനുയായികള്‍ക്ക് തിരികെ നല്‍കാനും ധാരണയായിട്ടുണ്ട്.മറ്റു വിമത എം. എല്‍. എ മാരും രാജസ്ഥാനില്‍ മടങ്ങി എത്തി തുടങ്ങി. സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി അനുകൂല വ്യവസായിയുമായി ഫോണ്‍ സംഭാഷണം നടത്തിയ രണ്ട് വിമത എം. എല്‍. എ മാരായ വിശ്വേന്ദ്ര സിങ്, ബാന്‍വരിലാല്‍ ശര്‍മ എന്നിവര്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി. ഇവര്‍ക്ക് എതിരായ കേസും പിന്‍വലിക്കും. വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ നിയമസഭ ചേരുന്നത്. വിമതര്‍ മടങ്ങി എത്തിയതോടെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. അതേ സമയം കൂറുമാറ്റം ഭയപെട്ടാണ് ബിജെപി അവരുടെ എം. എല്‍. എ മാരെ ഗുജറാത്തിലെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയതെന്ന വിവരങ്ങളും പുറത്തു വരുന്നു.