രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കം;സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ മടങ്ങിയെത്തിയേക്കും

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് താത്കാലിക പരിഹാരമാകുന്നു. സര്‍ക്കാരിനെതിരായ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. പാര്‍ട്ടിയില്‍ മടങ്ങി എത്തുന്ന സച്ചിന്‍ പൈലറ്റിന് രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സ്ഥാനവും, സംസ്ഥാന അധ്യക്ഷസ്ഥാനവും തിരികെ ലഭിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാജസ്ഥാന്‍ നിയമസഭയില്‍ അശോക് ഗെഹ്ലോട് സര്‍ക്കാര്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ഇരിക്കെയാണ് വിമതരായ സച്ചിന്‍ പൈലറ്റും 18 എം. എല്‍. എ മാരും മടങ്ങി എത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ സാനിധ്യത്തില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ സച്ചില്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടന്റെ പ്രവര്‍ത്ത രീതി മാറ്റണമെന്ന് ആവിശ്യപെട്ടെന്നാണ് സൂചന.

വിഷയത്തില്‍ ഇടപെടുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി.രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു.പ്രിയങ്ക ഗാന്ധി മുന്‍കൈയെടുതാണ് സച്ചിനെ അനുനയിപ്പിച്ചത്. ഇതിനായി രണ്ട് ആഴ്ച്ച മുന്‍പ് ദില്ലിയില്‍ വച്ചു പ്രിയങ്ക, സച്ചിന്‍ പൈലറ്റിനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. വിമത നീക്കം മതിയാക്കി മടങ്ങി എത്തുന്ന സച്ചിന്‍ പൈലറ്റിന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും മടക്കി നല്‍കിയേക്കും. പക്ഷെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിഭാഗം, സ്ഥാനം തിരികെ നല്‍കുന്നതിനെ അതി നിശിതമായി എതിര്‍ക്കുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിനെ വീഴ്ത്തുന്ന തരത്തിലേക്ക് മാറിയത് ഇക്കഴിഞ്ഞ ജൂലൈ മാസമാണ്. അന്ന് മുതല്‍ രണ്ട് മന്ത്രിമാരടക്കം 18 എം. എല്‍. എ മാരുമായി രാജസ്ഥാന്‍ വിട്ട സച്ചിന്‍ പൈലറ്റ് ബിജെപി സംരക്ഷണയിലാണ് കഴിഞ്ഞത് .

Loading...

സര്‍ക്കാരിനെ വീഴ്ത്താന്‍ ഉള്ള തരത്തില്‍ കൂടുതല്‍ എം. എല്‍. എ മാരെ ഒപ്പം കൂട്ടാന്‍ കഴിയാത്തതും, നിയമസഭയില്‍ വിമതര്‍ക്ക് എതിരെ കൂറ്മാറ്റ നിയമം പ്രയോഗിക്കാനും സാധ്യത ഉള്ളത് കൊണ്ടാണ് സച്ചിന്‍ മടങ്ങി വരുന്നത് എന്നും ചൂണ്ടികാണിക്കപ്പെടുന്നു. വിമത എം. എല്‍. എ മാര്‍ മാപ്പ് അപേക്ഷിച്ചതായും ഹൈകമന്റ് നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മടങ്ങി വരവിനെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ സച്ചിന്‍ പൈലറ്റ് വിഭാഗം തയാറായില്ല. വിമത നീക്കം നടത്തിയതിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുകയും മറ്റു എം. എല്‍. എ മാര്‍ക്ക് എതിരെ അച്ചടക്കം നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. 14 അം തിയതി വിശ്വാസ പ്രമേയം വിജയിപ്പിച്ചു സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിലവില്‍ 200 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുണ്ട്.