സച്ചിന്‍ പൈലറ്റിനെതിരെ അയോഗ്യതാ നടപടിക്ക് തുടക്കം;ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി സച്ചിന്‍

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെതിരെ അയോഗ്യത നടപടികള്‍ക്ക് തുടക്കം.സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സച്ചിനും 18 എം എല്‍ എ മാര്‍ക്കുമാണ് നോട്ടീസ്. ഇതിനിടെ ബിജെപിയില്‍ ചേരുമെന്ന അഭ്യുഹം സച്ചിന്‍ തള്ളി. ഭാവി രാഷ്ട്രീയ നീക്കം വൈകാതെ പ്രഖ്യാപിക്കും. സച്ചിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നീക്കങ്ങള്‍ എന്ന തീരുമാനത്തിലാണ് ബിജെപി. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എംഎല്‍എമാരെ രാജ്ഭവനില്‍ എത്തിച്ചേക്കും.

സച്ചിന്‍ പൈലറ്റിനെയും കൂട്ടാളികളെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിമതര്‍ക്ക് എതിരെ കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ് കടന്നു. സച്ചിനേയും ഒപ്പമുള്ള എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ സി പി ജോഷി ഇന്നലെ രാത്രിയോടെ തന്നെ നടപടി എടുത്തു. സച്ചിനടക്കം 19 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.അയോഗ്യരാക്കാതെ നില്‍ക്കാനുള്ള കാരണം വെള്ളിയാഴ്ചയ്ക്ക് അകം വ്യക്തമാക്കണമെന്ന് സ്പീക്കര്‍ക്ക് വേണ്ടി നിയമസഭാ സെക്രട്ടറി ഇറക്കിയ കത്തില്‍ പറയുന്നു. നോട്ടീസ് നേരിട്ട് കൈപ്പറ്റാന്‍ എം.എല്‍.എമാര്‍ ഇല്ലാത്തതിനാല്‍ വീടുകളില്‍ നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

Loading...

ഇതിനിടെ ബിജെപിയില്‍ ചേരുമെന്ന അഭ്യുഹം സച്ചിന്‍ തള്ളി. ഈ പ്രചാരണം താറടിച്ചു കാണിക്കാന്‍ വേണ്ടിയാണെന്നും ഇപ്പോഴും കോണ്‍ഗ്രസ് അംഗമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഒഴിഞ്ഞതോടെ അകഇഇ തനിക്ക് എതിരായെന്നും ആരോപിച്ചു. സച്ചിന് വേണ്ടി വാതിലുകള്‍ തുറന്നു കിടക്കുന്നുവെന്ന് ആയിരുന്നു ഇതിനോട് രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെയുടെ പ്രതികരണം. സമവായ ശ്രമങ്ങളുടെ സൂചന കൂടിയാകാം പ്രസ്താവന. ഭാവി രാഷ്ട്രീയ നീക്കം സച്ചിന്‍ വൈകാതെ പ്രഖ്യാപിക്കും. സ്വന്തം പാര്‍ട്ടി എന്നതിലേക്കാണ് ആലോചന. സച്ചിന്റെ തീരുമാന ശേഷം മാത്രം തുടര്‍ നീക്കങ്ങളെന്ന നിലപാടിലാണ് ബിജെപി. സച്ചിന്‍ വാര്‍ത്താ സമ്മേളനം മാറ്റിയതിനു പിന്നാലെ ബിജെപിയും യോഗം മാറ്റി.

ഗെഹ്ലോട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് ശേഷം ഇതുവരെ പ്രതികരിക്കാത്ത മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ ബിജെപി നേതൃ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും. മറുവശത്ത് സര്‍ക്കാര്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ അശോക് ഗെഹ്ലോട്ട് തുടരുകയാണ്. എട്ട് പേരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഒപ്പം നില്‍ക്കുന്ന സ്വതന്ത്രര്‍ക്ക് അടക്കം മന്ത്രി പദവി നല്‍കി സര്‍ക്കാരിന് കോട്ടം വരാതെ നിര്‍ത്താമെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ കണക്ക് കൂട്ടല്‍.