തൊഴിൽ നിയമഭേദഗതി ബില്ലുകൾ പാസാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡൽഹി: തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന് പിന്നാലെ ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പാർലമെൻറിൻറെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ല. പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും എന്നാൽ അതു പരിധിവിടാതെ നോക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Loading...

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട ഭേദഗതിയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. 44 തൊഴിൽ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ബില്ലുകൾ. വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കൽ ലക്ഷ്യമിട്ടാണ് തൊഴിൽ നിയമങ്ങൾ ഏകീകരിച്ചതെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിശദീകരണം.