മാല അപഹരിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലാ : മാല അപഹരിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ .  കടനാട് വല്യാത്ത് പനച്ചിക്കാലായിൽ രാജേഷ് (30) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ കാവുംകണ്ടം വല്യാത്തെ വാടകവീട്ടിലാണു സംഭവം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യയെ കവലയിൽ ബസിൽ കയറ്റി വിട്ട ശേഷമാണു വീട്ടിലെത്തി ജീവനൊടുക്കിയത്. ഈരാറ്റുപേട്ട കോടതി റിമാൻഡ് ചെയ്ത രാജേഷ് 28നാണു ജാമ്യത്തിലിറങ്ങിയത്. പൊലീസ് ഇനി കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ നിരപരാധിയാണെന്നും രാജേഷ് പറയുന്ന വിഡിയോ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്ന മനോവിഷമത്തിലാണു രാജേഷ് ജീവനൊടുക്കിയതെന്നു ഡിവൈഎസ്പി കെ. ബിജുമോൻ പറഞ്ഞു.

കഴിഞ്ഞ 16നു നീലൂർ ടൗണിനു സമീപം ഉറവിള ബസ് സ്റ്റോപ്പിൽ വച്ചാണു ബസിറങ്ങിയ മൂലമറ്റം സ്വദേശിനിയായ 69 വയസ്സുകാരിയുടെ മാല കാറിലെത്തിയ അഞ്ചംഗ സംഘം പറിച്ചെടുത്തു കടന്നുകളഞ്ഞത്. നിരീക്ഷണ ടിവി ദൃശ്യങ്ങളും മൊബൈൽ ടവർ രേഖകളും ചേർത്തു തയാറാക്കിയ അന്വേഷണത്തിലാണു മേലുകാവ് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 4 പ്രതികൾ കൂടിയുണ്ട്. മോഷ്ടിച്ച സ്വർണം സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ചതു രാജേഷാണെന്നു പൊലീസ് പറഞ്ഞു. രാജേഷിനെ സംഭവസ്ഥലത്തും പണമിടപാട് സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.

Loading...