മകളുമായി കലഹിച്ച് രാജേശ്വരി വീട് വിട്ടു പോയിട്ട് 40 ദിവസം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്‌ ; വീട്ടില്‍ ദീപയും മകനും മാത്രം

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരി വീട് വിട്ടുപോയതായി റിപ്പോര്‍ട്ട്. രാജേശ്വരിയുടെ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുമ്പോഴാണ് രാജേശ്വരി കഴിഞ്ഞ ഒന്നര മാസത്തോളമായി വീട്ടിലില്ലെന്നു നാട്ടുകാര്‍ പറയുന്നത്.

രാജേശ്വരിയുടെ മൂത്തമകള്‍ ദീപയും ഇവരുടെ മകനും മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളതത്രേ. അമ്മ കഴിഞ്ഞ 40 ദിവസമായി വീട്ടിലില്ലെന്നു ദീപയും സ്ഥിരീകരിച്ചിട്ടുണ്ട്. മകളുമായി കലഹിച്ചാണ് രാജേശ്വരി വീട് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമ്പാവൂരിലെ ഒരു വീട്ടില്‍ ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുകയാണ് അമ്മയെന്നാണ് ദീപ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ജിഷയുടെ മരണത്തെ തുടര്‍ന്ന്‍ ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.

ജിഷയുടെ മരണത്തെ തുടര്‍ന്ന്‍ പത്ത് ലക്ഷത്തിലധികം രൂപ മുടക്കി സര്‍ക്കാര്‍ രാജേശ്വരിയ്ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കിയിരുന്നു. വിവിധ സംഘടനകളുടെയും സര്‍ക്കാരിന്റെയും സഹായങ്ങളായി അരക്കോടിയോളം രൂപയും കുടുംബത്തിന് ലഭിച്ചിരുന്നു. രാജേശ്വരിയ്ക്ക് വനിതാ പോലീസിന്റെ സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് അടുത്തിടയ്ക്ക് പിന്‍വലിച്ചു.

രാജേശ്വരിയുടെ ആഡംബര ജീവിതവും ഷോപ്പിങ്ങും ടാക്സി യാത്രകളുമൊക്കെ ഇതിനോടകം പലപ്പോഴായി വാര്‍ത്തകളായിരുന്നു. ഇതിനിടെ മാസങ്ങള്‍ക്ക് മുമ്പാണ് ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ചു കിടന്നത്.