എറണാകുളം: സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ താരമായ രജിത്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രജിത്കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊറോണ ജാഗ്രതയില്‍ സംസ്ഥാനം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത്കുമാറിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് നെടുമ്പാശ്ശേരിയില്‍ തടിച്ച് കൂടിയത് .മനസ്സിൽ ശുദ്ധിയുള്ളവർക്ക് കൊറോണ വരില്ലെന്നായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളുടെ പ്രതികരണം.
റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് പിന്നീട് രജിത് കുമാർ നൽകിയ വിശദീകരണം.
കൊവിഡ് 19 ജാഗ്രതാ നിർദേശങ്ങൾ മറികടന്ന് രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 75 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു .