ഇത്തവണ അധികാരത്തില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകും;രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തെരഞ്ഞൈടുപ്പ് അടുക്കുമ്പോള്‍ നേതാക്കന്‍മാരുടെ ഓരോ പ്രസ്താവനയും വളരെ സൂക്ഷ്മമായാണ് രാഷ്ടീയ കേരളം ഉറ്റു നോക്കുന്നത്. ചിലരുടെ വാക്കുകളില്‍ ആത്മവിശ്വാസമാണ് എങ്കില്‍ മറ്റു ചിലരുടെ വാക്കുകളില്‍ അങ്കലാപ്പാണ് വ്യക്തമാവുക. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഒരു പരീക്ഷണം തന്നെയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകും എന്ന് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നിതാ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത് ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ചരിത്രമാകും എന്നാണ്. ഒപ്പം തന്നെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപചയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാല്‍, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക് എന്ന രീതി മാറണം. മാറാന്‍ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.ജോസ് കെ മാണിയെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ മുന്നണിയും സര്‍ക്കാരും അധികാരത്തില്‍നിന്നും പോകാന്‍ കാരണം കെഎം മാണിയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമല്ലേ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഉണ്ടായത്. മാണി സാറിനെ പരലോകത്തേക്ക് പറഞ്ഞയച്ചവരാണ് ഇപ്പോള്‍ പാലായില്‍ അദ്ദേഹത്തിന്റെ പ്രതിമ വെക്കുന്നത്. പ്രതിമ വെച്ചിട്ടെന്ത് കാര്യം? കെഎം മാണിയെ പ്രതിമയാക്കിയത് ഇവരല്ലേ. മനസ് ഉരുകിയല്ലേ അദ്ദേഹം മരിച്ചത്?’ ഉണ്ണിത്താന്‍ പറഞ്ഞു.

Loading...