എത്ര ഭീകരരെ കൊന്നെന്ന് അറിയണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ പാകിസ്ഥാനിലേക്ക് പോകുക, എന്നിട്ട് മൃതദേഹങ്ങള്‍ എണ്ണി നോക്കുക , രാജ്‌നാഥ് സിംഗ്

ഗുവാഹത്തി:  ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ മരിച്ച ഭീകരരുടെ എണ്ണത്തെ ചൊല്ലിയുളള രാഷ്ട്രീയ തര്‍ക്കത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. വ്യോമാക്രമണത്തില്‍  കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കൃത്യമായി അറിയണമെങ്കില്‍ അയല്‍രാജ്യത്തിലേക്കു പോയി അവര്‍ക്ക് എണ്ണിനോക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ‘കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ സംഖ്യ അറിയിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ അവരോടു പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോകുക, അവിടെ ചെന്ന് എണ്ണുക, ഞങ്ങളുടെ വ്യോമസേന എത്രപേരെ കൊന്നിട്ടുണ്ടെന്ന് ജനങ്ങളോടു ചോദിക്കുക,’രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന എത്ര ഭീകരരെ കൊന്നെന്നാണ് മറ്റു രാഷ്ട്രീയ കക്ഷികളിലെ കുറച്ചു നേതാക്കള്‍ ചോദിക്കുന്നത്. ഇന്നോ നാളെയോ അതറിയാന്‍ സാധിക്കും. എത്രപേര്‍ മരിച്ചുവെന്ന് പാകിസ്ഥാനും അവരുടെ നേതാക്കള്‍ക്കും അറിയാം. ആക്രമണത്തിനു ശേഷം നമ്മുടെ വ്യോമസേന മൃതദേഹങ്ങളുടെ എണ്ണം 1,2,3,4 എന്നിങ്ങനെ എടുക്കുമോ?. എന്തൊരു തമാശയാണിത് മന്ത്രി പറഞ്ഞു. അസമിലെ ധുബ്രിയില്‍ ബിഎസ്എഫിന്റെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

Loading...

ബാലാക്കോട്ട് വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് റാലികളില്‍ അമിത പ്രാധാന്യം നല്‍കുന്നെന്നും ബിജെപി വ്യോമാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ ആരോപണം ശക്തമാണ്. ബാലാക്കോട്ടില്‍ എത്രപേര്‍ മരിച്ചുവെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചതാണ് ബാലാക്കോട്ടിലെ കൃത്യമായ വിവരമെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രതികരണം. തെരഞ്ഞെടുപ്പും വ്യോമാക്രമണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി ചെന്നൈയില്‍ വ്യക്തമാക്കി.ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ 250ല്‍ അധികം ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരുന്നു.