ചാര്‍മിയുടെ തലയില്‍ മദ്യം ഒഴിച്ച് രാംഗോപാല്‍ വര്‍മ; വിമര്‍ശനം ശക്തമാകുന്നു

Loading...

തെലുങ്ക് സിനിമയില്‍ ഹിറ്റ് സംവിധായകനാണ് പുരി ജഗന്നാഥ്. എന്നാല്‍ സമീപകാലത്ത് വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ അവസാനം പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടിയാണ് നേടിയത്.

എന്നാല്‍ ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അതിരുകടന്ന വിജയാഘോഷത്തിന്റെ പേരിലാണ്. വിജയാഘോഷത്തിനിടെ ചിത്രത്തിന്റെ നിര്‍മാതാവായ നടി ചാര്‍മിയുടേയും മറ്റ് നടിമാരുടേയും തലയില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ മദ്യം ഒഴിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ആഘോഷത്തിന്റെ വിഡിയോ.

Loading...

ചിത്രം വിജയമായതോടെയാണ് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും വിജയാഘോഷത്തിനായി ഒത്തുകൂടിയത്. സംവിധായകന്‍ പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അതിനിടെയാണ് രാംഗോപാല്‍ വര്‍മ ചാര്‍മിയുടേയും മറ്റ് നടിമാരുടേയും ഉള്‍പ്പടെ ചുറ്റും നിന്നവരുടെ തലയില്‍ മദ്യം ഒഴിച്ചത്. മറ്റൊരു വീഡിയോയില്‍ തന്റെ സ്വന്തം തലയില്‍ മദ്യം ഒഴിക്കുന്നതും കാണാം. എന്തായാലും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് വിഡിയോ. രാംഗോപാല്‍ വര്‍മയ്ക്കും പുരി ജഗന്നാഥിനും ചാര്‍മിയ്ക്കും എതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഇത്തരം ആഘോഷം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് വിമര്‍ശനം.