അഞ്ചൽ രാമഭദ്രന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നു എസ്എൻഡിപി ശാഖാ മുൻ സെക്രട്ടറി സുഗതന്റെ വെളിപ്പെടുത്തൽ

കൊല്ലം: പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായിരുന്ന അഞ്ചൽ രാമഭദ്രൻ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് വെളിപ്പെടുത്തൽ. നെട്ടയം എസ്എൻഡിപി ശാഖാ മുൻ സെക്രട്ടറി സുഗതനാണ് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സുഗതൻ പറഞ്ഞു. ഇതോടെ കൊലപാതകത്തിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞു. അതേസമയം രാഷ്ട്രീയ പ്രതിയോഗികൾക്കു വേണ്ടി നേതാക്കളെ അറസ്റ്റ് ചെയ്ത സിബിഐ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. 2010 ൽ നെട്ടയത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമാണ് ദൗർഭാഗ്യകരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെളിപ്പെടുത്തൽ. അന്ന് ഉത്സവ കമ്മിറ്റി സെക്രട്ടറിയായിരുന്നു സുഗതൻ. നിരവധി ആളുകൾ നോക്കി നിൽക്കെ ആയിരുന്നു സംഭവം. ഇത്രയധികം ആളുകൾ ദൃക്‌സാക്ഷിയായ സംഭവം എങ്ങനെ രാഷ്ട്രീയ കൊലപാതകമാകും എന്നും സുഗതൻ ചോദിക്കുന്നു.

ഇക്കാര്യം താൻ സിബിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇനിയും എവിടേയും പറയാൻ തയ്യാറുമാണ്. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സുഗതൻ വ്യക്തമാക്കി. അതേസമയം ജനസമ്മതിയുള്ള സിപിഐഎം നേതാക്കളെ രാഷ്ട്രീയ പ്രതിയോഗികൾക്കു വേണ്ടി അറസ്റ്റ് ചെയ്ത സിബിഐ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. അഞ്ചലിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കോൺഗ്രസ് ഭരണ കാലത്ത് തന്നെ സിപിഐഎം നേതാക്കളെ കേസിൽ കുടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന് നൽകിയ കത്ത് പുറത്തായതോടെയാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റാനുള്ള നീക്കം നടന്നുവെന്ന് വ്യക്തമായത്.

Loading...