ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് അടിച്ചത് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം, കൈപ്പാറ്റാത്ത ടിക്കറ്റ് കൈമാറി രാമസ്വാമിയുടെ നന്മ

ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് അടിച്ചത് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് നമ്പര്‍ പൂര്‍ണമായി പറഞ്ഞു കൊടുക്കാതിരുന്നിട്ടും ടിക്കറ്റ് കൈമാറി പാമ്പാടി കൂടാരംകുന്ന് രാമസ്വാമി. 84കാരനായ രാമസ്വാമി യാതൊരു കബളിപ്പിക്കലും നടത്താതെ ടിക്കറ്റ് കൊടുക്കുകയായിരുന്നു. ടിക്കറ്റ് വാങ്ങിയ വകയില്‍ ആറായിരത്തില്‍ അധികം പണം നല്‍കാനുള്ളയാള്‍ക്കാണ് രാമസ്വാമി ടിക്കറ്റ് നല്‍കിയത്.

വെള്ളിയാഴ്ച കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം ലഭിച്ചത് രാമസ്വാമിയുടെ ഭാഗ്യ ലക്ഷ്മി ലോട്ടറി സ്റ്റാളില്‍ നിന്നും വിറ്റുപോയ ലോട്ടറിടിക്കറ്റിനായിരുന്നു. എന്‍എക്‌സ് 366446 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. സമ്മാനം ലഭിച്ച വ്യക്തി രാവിലെ രാമസ്വാമിയെ വിളിച്ചു 12 ടിക്കറ്റുകള്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് അദ്ദേഹം കൈപ്പറ്റിയിരുന്നില്ല. ടിക്കറ്റ് മാറ്റിവെച്ചതിന് ശേഷം അവസാന നാല് അക്കങ്ങള്‍ ഫോണിലൂടെ കൈമാറുകയായിരുന്നെന്ന് രാമസ്വാമി പറഞ്ഞു.

Loading...

മാറ്റിവെച്ച ടിക്കറ്റുകളില്‍ ഒന്നിനാണ് 60 ലക്ഷം ഒന്നാംസമ്മാനം അടിച്ചത്. സമ്മാനമടിച്ചെന്ന് വൈകിട്ട് അറിഞ്ഞിട്ടും യാതൊരു ഭാവവ്യത്യാസവും കൂടാതെ രാമസ്വാമി ടിക്കറ്റുകള്‍ കൈമാറി. വിവിധ നാടുകളിലായി കൂലിപ്പണികളെടുത്ത് ഉപജീവനം നടത്തിയിരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകള്‍ മൂലമാണു 4 വര്‍ഷത്തോളമായി വീടിനു സമീപത്തായി പാമ്പാടി മുതിയാര്‍കോട് റോഡരികില്‍ ഓല ഷെഡ് കെട്ടി ലോട്ടറി വില്‍ക്കാനിരിക്കുന്നത്.