തിരുവനന്തപുരം: കേരളം വോട്ടെടുപ്പ് രേഖപ്പടുത്തിക്കഴിഞ്ഞപ്പോള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍ വോട്ടെണ്ണല്‍ ദിനത്തിലേക്ക് കാത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്. അതേസമയം തുടര്‍ഭരണം പ്രഖ്യാപിച്ച എല്ലാ സര്‍വേകളും തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവര്‍ത്തിക്കുന്നത് യുഡിഎഫ് സംസ്ഥാനത്ത് ഐതിഹാസിക വിജയം നേടും എന്ന് തന്നെയാണ്. കേരളത്തിലെ വോട്ടര്‍മാരുടെ ആവേശം യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നതിന്റെ സൂചനയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ക്കുകയാണ്. എന്നാല്‍ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കും. യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതുപക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പിആര്‍ എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയതെന്നും അത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം വിടരുത്. വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടര്‍ പട്ടികയില്‍ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യുഡിഎഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയുന്നതിന് സാധിച്ചു.