എന്തുകൊണ്ട് സ്വന്തം മക്കളെ രാഷ്ട്രീയത്തിലിറക്കിയില്ല… പലപ്പോഴും പല രാഷ്ട്രീയ നേതാക്കൾക്കും നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ് ഇത്. നിലവിൽ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ഈ ചോദ്യത്തിന് നൽകിയ ഉത്തരം ഇങ്ങനെ…
തന്റെ മക്കൾ നല്ല വിദ്യാഭ്യാസം നേടി മുന്നോട്ട് പോകണം. രാഷ്ട്രീയത്തിലെ ബുദ്ധിമുട്ടും ടെൻഷനും നന്നായി അറിയാവുന്നതുകൊണ്ടാണ് മക്കളെ രാഷ്ട്രീയത്തിലിറക്കാതിരുന്നതെന്ന് ചെന്നിത്തല പറയുന്നു.
രാഷ്ട്രീയത്തിലെ ബുദ്ധിമുട്ടും ടെൻഷനുമൊക്കെ അറിയാവുന്നതുകൊണ്ടാണ് താൻ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാതിരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ദക്ഷിണമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ചെന്നിത്തല ഇത്തരമൊരു പരാമർശം നടത്തിയത്.
തന്റെ രണ്ടുമക്കളും നല്ല വിദ്യാഭ്യാസം ചെയ്തു മുന്നോട്ടുപോകണമെന്നായിരുന്നു ആഗ്രഹം. അവർക്കും താത്പര്യം അതായിരുന്നു. മൂത്തയാൾ ഡോക്ടറായി. രണ്ടാമത്തെ മകൻ ഐഎഎസുകാരനാകാനുള്ള തീവ്രശ്രമത്തിലുമാണ്.
വിദ്യാർഥികളുടെ അഭിരുചിയനുസരിച്ച് അവരെ വഴിതിരിച്ചുവിടാനും പ്രോത്സാഹിപ്പിക്കാനുമാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. സിജി അതിന് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് (ഐ)-യുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. നിലവിൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികനുമാണ് ഇദ്ദേഹം.കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും സംസ്ഥാന ആഭ്യന്തര- വിജിലൻസ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യം ചെന്നിത്തലയെ ഡൽഹി രാഷ്ട്രീയത്തിൽ സ്വീകാര്യനാക്കി. ദക്ഷിണകേരളാ ഹിന്ദി പ്രചാരസഭയിൽ നിന്ന് പഠിച്ചെടുത്ത ഹിന്ദി വിശാരത് ആണ് ഉത്തരേന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്താൻ ചെന്നിത്തലയെ തുണയ്ക്കുന്നത്. പിന്നെ വർഷങ്ങളായി കേട്ടുപഠിച്ച ഹിന്ദി സംസാരഭാഷയും.
തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ നേടിയ ബിരുദവുമാണ് വിദ്യാഭ്യാസം.
രമേശ് ചെന്നിത്തല മൂന്ന് പ്രാവശ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാന കാബിനറ്റ് മന്ത്രി പദവും വഹിച്ചിട്ടുണ്ട്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) പ്രസിഡണ്ടും, കോൺഗ്രസ്സ് പാർട്ടിയുടെ വർക്കിംഗ് കമ്മറ്റി അംഗവുമാണ്.
49-ാമത്തെ വയസ്സിലാണ് മാവേലിക്കര തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ രമേശ് ചെന്നിത്തല ആദ്യമായി കോൺഗ്രസിന്റെ കേരളത്തിലെ നേതൃത്വം ഏറ്റെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2005 ജൂൺ 24-ന്. തെന്നല ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് രമേശ് ചെന്നിത്തല കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരനായത്.
1970-ൽ ചെന്നിത്തല ഹൈസ്കൂളിലെ കെഎസ്യുവിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ‘പയ്യൻ’ രാഷ്ട്രീയ ജീവിതത്തിലെ കനൽപാതകൾ താണ്ടിയാണ് 2005-ൽ കേരളത്തിലെ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിയത്.
2014 ജനുവരി 2’ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് വനം, സ്പോർട്സ് വകുപ്പുകൾ നൽക്കുകയും രമേശിനെ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു.കെപിസിസി പ്രസിഡന്റ് എന്ന നിലയിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.