യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ശബരിമല യുവതി പ്രവേശനം വിലക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീപ്രവേശനം വിലക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സമാന നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.

ബിജെപിയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ താത്പര്യങ്ങളാണ് ശബരിമലയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത്. ശബരിമലയിലെ ആചാരങ്ങള്‍ പുനഃസ്ഥാപിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി വോട്ട് കിട്ടുന്നതിനായി ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമായാണ് ബിജെപി ശബരിമലയെ കാണുന്നത്. സിപിഎമ്മാവട്ടെ, പുരോഗമന നിലപാട് എന്ന പേരില്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്നും ചെന്നിത്തല പറഞ്ഞു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴി ശബരിമല വിഷയത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയെന്നും പ്രഗത്ഭനായ അഭിഭാഷകനെ തന്നെയാണ് കോണ്‍ഗ്രസ് കേസ് വാദിക്കുന്നതിനായി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും നിലകൊണ്ടതെന്നും അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹം ഇരിക്കുക വരെ ചെയ്തവരാണെന്നും ചെന്നിത്തല പറഞ്ഞു.

Loading...