ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും അൻപത് പൈസ വീതം കിട്ടുന്നത് ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക്: സർക്കാറിന്റെ വാദം പൊളിച്ചടുക്കി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ബെവ്കോ ആപ്പ് ഇന്നോ നാളെയോ ഒഫീഷ്യൽ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. അതേസമയം ഓൺലൈൻ മദ്യവിൽപനയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തി. ആപ്പ് വഴി ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അൻപത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. ബവ്റിജസ് കോർപ്പറേഷൻ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വിടുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പനക്കുള്ള ബവ്ക്യൂ ആപ്പിന്റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്നാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്.

Loading...

ബാറുടമകൾ സർക്കാറിന് നൽകിയ ധാരണപത്രം പുറത്തുവിട്ടാണ് ചെന്നിത്തലയുടെ ആക്ഷേപം. ബാറുടമകള്‍ നല്‍കുന്ന അണ്ടര്‍ടേക്കിങ്ങിൽ ബാറുകാരില്‍ നിന്ന് ഓരോ ടോക്കണും വാങ്ങുന്ന അമ്പത് പൈസ് ആദ്യം തന്നെ ആപ്ലിക്കേഷൻ തയാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കു ബവ്‌കോ നല്‍കും. ഈ അമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത്.

ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണും എസ്എംഎസ് ചാ‍ർജ്ജ് അടക്കം അൻപത് പൈസ വീതം കമ്പനിക്ക് നൽകുമെന്നാണ് ആരോപണം. എന്നാൽ എസ്എംഎസ് നിരക്ക് അതാത് മൊബൈൽ കമ്പനികൾക്കാണ് നൽകുന്നതെന്നും ഫെയർ കോഡിന് ആപ്പ് നിർമ്മാണത്തിനുള്ള രണ്ട് 2,84,203 രൂപയല്ലാതെ ഒരു പൈസ പോലും അധികം നൽകുന്നില്ലെന്നാണ് എക്സൈസ് വകുപ്പ് വിശദീകരിക്കുന്നത്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണെന്നും അതുകൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെണ്ടർ ലഭിച്ചതിൽ ദുരൂഹതയേറുകയാണെന്നും ചെന്നിത്തല ആരോപിച്ചു.