തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ വീണ്ടും രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേരളത്തിന് അപമാനമാണെന്നാണ് ചെന്നിത്തല വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുത്ത ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എല്ലാം ചെയ്തു കൊടുത്തതും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ് ചെന്നിത്തല വ്യക്തമാക്കിയത്.ശിവശങ്കറിനെതിരെയും ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിയുടെ നാവാണ് ശിവശങ്കര്‍. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ശിവശങ്കര്‍ എല്ലാം ചെയ്യുന്നത്. പത്താം ക്ലാസും ഗുസ്തിയുമുള്ള സ്ത്രീയെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ശമ്പളം നല്കി നിയമിച്ച നാടാണിതെന്നും ചെന്നിത്തല. നിയമനവുമായി ബന്ധപ്പെട്ട യാതൊന്നും താനറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയൊരു മുഖ്യമന്ത്രിക്ക് ആ കസേരയില്‍ തുടരാനുള്ള അവകാശമുണ്ടോ. മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണം. അദ്ദേഹത്തിന് ആ കസേരയില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു.