കേരളാ കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം: ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം തന്നെയാണെന്നും തീരുമാനം നടപ്പാക്കിയാൽ യോഗത്തിൽ പങ്കെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു. നിലവിൽ യുഡിഎഫ് യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണവും മാധ്യമങ്ങളില്‍ വന്നതും തെറ്റിധാരണയുണ്ടാക്കുന്നതാണെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

പാലാ തെരഞ്ഞെടുപ്പിന് തലേന്നാൾ കോട്ടയം ജില്ലാ പഞ്ചായത്ത് ജോസ്, ജോസഫ് വിഭാഗത്തിനായി വീതം വയ്ക്കാൻ തീരുമാനിച്ചതാണ്. ആദ്യ ടേം ജോസ് കെ മാണിക്ക് നൽകി. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോട്ടയം ഡി സിസി പ്രസിഡന്റിനോട് ഇക്കാര്യം പ്രഖ്യപിക്കാനും നിർദ്ദേശിച്ചു. രാജി വെക്കേണ്ട എട്ടാമത്തെ മാസം വന്നപ്പോള്‍ ജോസ് വിഭാഗം രാജിവെച്ചില്ല. കൊവിഡ് സാഹചര്യത്തിലും രാജി നീണ്ടു പോയി. പിജെ ജോസഫ് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫിനെ സമീപിച്ചു.

Loading...

കഴിഞ്ഞ നാല് മാസമായി പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തി. ഫലപ്രദമായ തീരുമാനത്തിലെത്താൻ കഴിയാത്തതിനാലാണ് രാജി ആവശ്യം യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത്. രാജിവെക്കാതിരുന്ന ജോസ് വിഭാഗം എന്നാൽ ഇങ്ങനെയൊരു ധാരണയില്ലെന്ന നിലപാടാണ് എടുത്തത്. യുഡിഎഫ് മുന്നണിയുടെ വിശ്വാസവും ഐക്യവും കാത്തുസൂക്ഷിക്കാനാണ് നടപടി സ്വീകരിച്ചത്. രാജി വച്ചാൽ അവർക്ക് മടങ്ങി വരാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.