പെങ്ങളൂട്ടിക്കൊരു വണ്ടി,എതിര്‍ത്ത് മുല്ലപ്പള്ളിയും, ആദ്യം 7ലക്ഷം, ഇപ്പോള്‍ 14ലക്ഷം,പിരിവോട് പിരിവ്

കേരളത്തില്‍ ഏറ്റവും തലയെടുപ്പോടെ ജയിച്ച് പെങ്ങളൂട്ടി എന്നൊക്കെ പറഞ്ഞ രമ്യ ഹരിദാസിന്റെ വാഹനം വാങ്ങാനുള്ള പിരിവ് വിവാദം പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കത്തിലേക്ക്. ലക്ഷങ്ങള്‍ മാസം പ്രതിഫലം വാങ്ങുന്ന ഒരു എം.പിക്ക് ഈ മഴക്കാലത്ത് പ്രവര്‍ത്തകരില്‍ നിന്നും പിരിവ് എടുത്ത് കാര്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം ഇപ്പോള്‍ ഉന്നത നേതാക്കളില്‍ നിന്നും വന്നിരിക്കുന്നു. കര്‍മ്മ ന്യൂസ് കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് ഇത്തരത്തില്‍ നടത്തുന്ന പിരിവ് നിര്‍ത്തിക്കണം എന്നും ആ കാര്‍ വാങ്ങിക്കരുത് എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമ്യ ഹരിദാസ് മൗനത്തിലാണ്.

എന്നാല്‍ ഇതാ കെ.പി.സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നു. കര്‍മ്മ ന്യൂസ് ഉന്നയിച്ച അതേ നിലപാട് അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. മുല്ലപ്പള്ളി പറയുന്നത് ഇങ്ങിനെ… എംപിക്കു വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയതു ശരിയായില്ല. ഇത് നല്ല സന്ദേശമല്ല നല്കുന്നത്. താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ല. എംപിമാര്‍ക്കു വാഹനം വാങ്ങുന്നതിനു വായ്പ ലഭിക്കും. രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ ഇത് തന്നെയാണ് ഈ വിഷയത്തിലെ മാന്യമായ സമീപനം. രമ്യക്ക് ഇപ്പോള്‍ മാസം ലക്ഷങ്ങള്‍ വരുമാനം ഉണ്ട്. മാത്രമല്ല ജാമ്യമില്ലാതെ ലോണ്‍ കിട്ടും. അത് തിരിച്ചടക്കാനുള്ള മാര്‍ഗവും വരുമാനവും നിലവില്‍ ഉണ്ട്. എന്നാലും പെങ്ങളൂട്ടി വാ തുറക്കില്ല. കാരണം 14 ലക്ഷത്തിന്റെ കാറല്ലേ..കിട്ടിയാല്‍ ഇങ്ങ് പോരട്ടേ എന്ന നിലപാടായിരിക്കാം. എന്നാല്‍ ഒന്നു പറയട്ടേ. രമ്യ ഹരിദാസ് എന്ന വിഗ്രഹമായിരിക്കും അവരെ സ്‌നേഹിക്കുന്നവരില്‍ നിന്നും വീണുടയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടും ആദര്‍ശ ധീരതയും രമ്യ പിന്‍ തുടരണം.

Loading...

ഓഗസ്റ്റ് 9നു യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ആലത്തൂരില്‍ ഈ കാര്‍ കൈമാറാനിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനിയും മനസു തുറന്നിട്ടില്ല. രമേശ് ചെന്നിത്തലയുടെ പേര്‍ കൂടി വലിച്ചിഴച്ചാണ് പിരിവ്. അതും 1000 രൂപയില്‍ കുറഞ്ഞ് പിരിവില്ല. മാത്രമല്ല കൂപ്പണില്‍ അച്ചടിച്ചിരിക്കുന്ന രമ്യയുടെ പേര്‍ പോലും തെറ്റായ വിധത്തിലാണ്. ശ്രീമതി രമ്യ ഹരിദാസ് എന്നാണ് അച്ചടിച്ചിരിക്കുന്നത്. സാധാരണ വിവാഹം കഴിഞ്ഞ സ്ത്രീകളേയാണ് ശ്രീമതി എന്ന് വിളിക്കുന്നത്. രമ്യ ഹരിദാസ് അവിവാഹിതയാണ്. അത് പോലും അറിയാത്തവരാണ്പിരിവെടുക്കാന്‍ ഇപ്പോള്‍ താല്പര്യം കാട്ടിയിരിക്കുന്നത്.