ബീഫ് ഇഷ്ടമാണെന്ന റണ്‍ബീറിന്റെ പരാമര്‍ശം; റണ്‍ബീറിനെയും ആലിയയെയും ക്ഷേത്രത്തില്‍ തടഞ്ഞു

ബീഫ് ഇഷ്ടമാണെന്ന നടന്‍ റണ്‍ബീര്‍ കപൂറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ റണ്‍ബീറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ മഹാകാളി ക്ഷേത്രത്തിലാണ് സംഭവം. ബീഫ് കഴിക്കുമെന്നും ഇഷ്ടമാണെന്നും മുമ്പ് റണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം.

ബ്രപ്മാസ്ത്ര എന്ന പുതിയ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് റണ്‍ബീറും ആലിയയും ക്ഷേത്രത്തില്‍ എത്തിയത്. പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പോലീസ് തീരുമാനിച്ചു. പ്രതിഷേധകാര്‍ക്കെതിരെ 353 വകുപ്പനുസരിച്ച് പോലീസ് കേസ് എടുത്തു. ഭക്ഷണത്തെക്കുറിച്ചും മറ്റും റണ്‍ബീര്‍ പറയുന്ന ഒരു പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

Loading...

വിഡിയോയില്‍ അവതാരകന്‍ ഇഷ്ടഭക്ഷണം എന്താണെന്ന് ചോദിക്കുമ്പോള്‍ റെഡ് മീറ്റാണ് ഇഷ്ടമെന്നും ബീഫിന്റെ ആരാധകനാണെന്നും റണ്‍ബീര്‍ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ബ്രപ്മാസ്ത്രയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധങ്ങളും ഉണ്ടാകുന്നുണ്ട്. ബോയ്‌കോട്ട് ബ്രപ്മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് പ്രചാരണം നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോക്ക് സാറ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖമാണ് ഇത്. സാമ്പത്തിക ബഹിഷ്‌കരണമാണ് ബോളിവുഡിന് നല്‍കാവുന്ന വലിയ ശിക്ഷയെന്നും സോഷ്യല്‍ മീഡിയില്‍ പ്രചാരണം ശക്തമാണ്.