അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് രാണു മൊണ്ടാലിന്റെ മകള്‍ എലിസബത്ത് സതി റോയ്. പ്രശസ്തയായ ശേഷമാണ് താന്‍ അമ്മയുമായി വീണ്ടും ഒന്നിച്ചതെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സതി പറഞ്ഞു.
‘അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ്സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാന്‍ ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്. ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയ കൂടെ കൂട്ടാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത്. ആളുകള്‍ ഇപ്പോള്‍ എനിക്കെതിരാണ്. ഞാന്‍ ഇനി എവിടെ പോകും’- സതി പറഞ്ഞു.
‘ഇപ്പോള്‍ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ എന്റെ കാല് തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫേണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. അവര്‍ അമ്മയെ വച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചുകഴിഞ്ഞു. എന്നാല്‍, അമ്മയ്ക്കുവേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല. നിത്യേനയുളള ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങള്‍ പോലുമില്ല അമ്മയുടെ പക്കല്‍. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാത്തത്. സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടരുതെന്നുണ്ട് എനിക്ക്. മാനസികമായി അത്ര കരുത്തയല്ല അവര്‍. പോരാത്തതിന് മാധ്യമങ്ങള്‍ നന്നായി ശല്ല്യം ചെയ്യുന്നുമുണ്ട്’- സതി പറഞ്ഞു.
‘ ഞാന്‍ അമ്മയുടെ ആദ്യ ഭര്‍ത്താവിന്റെ കുട്ടിയാണ്. അമ്മക്ക് രണ്ടാം ഭര്‍ത്താവില്‍ മൂന്നു മക്കളുണ്ട്. എന്റെ പിതാവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. രണ്ടാമത്തെ ഭര്‍ത്താവില്‍ നിന്നുള്ള അമ്മയുടെ മക്കള്‍ ഇപ്പോഴും മുംബൈയിലുണ്ടെന്നാണ് എന്റെ അറിവ്. അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒരു മൂത്ത സഹോദരനും അര്‍ധസഹോദരനും അര്‍ധസഹോദരിയും ഉണ്ട്. ഞങ്ങള്‍ പരസ്പരം ബന്ധപ്പെടാറില്ല. എന്തുകൊണ്ടാണ് മറ്റ് മക്കളൊന്നും അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്? എന്തുകൊണ്ടാണ് ആരും അവരെ കുറ്റപ്പെടുത്താത്തത്? എന്നോടൊപ്പം അവരും അമ്മയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ – സതി പറഞ്ഞു.