കൊവിഡ് രോഗിക്കും രക്ഷയില്ല, മലബാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കോഴിക്കോട്:കോഴിക്കോട് മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.യുവതി പൊലീസിൽ വിളിച്ച് പരാതി പറഞ്ഞതോടെ ജീവനക്കാരനായ അശ്വിൻ കൃഷ്ണനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ. എം. പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.

ഇതിനുശേഷം ആശുപത്രിയിലെ ക്ലർക്കായ അശ്വിൻ പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് യുവതി പറയുന്നു.ഡോക്ടർമാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെ ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് അശ്വിൻ യുവതിയെ ലിഫ്റ്റിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. യുവതി തന്നെയാണ് പൊലീസിൽ വിളിച്ച് പരാതി പറഞ്ഞത്. പിപിഇ കിറ്റ് ധരിച്ചെത്തിയ വനിതാ പൊലീസുകാർ യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് സി പിഐഎം പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

Loading...