വളർത്തു മകളെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന്റെ ക്രൂരതക്ക് ജീവപര്യന്തം ശിക്ഷ

തൊടുപുഴ: വളർത്തു മകളെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനു കോടതി ജീവപര്യന്തം തടവും ശിക്ഷയും വിധിച്ചു.കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശിയെയായണ് ബാലലൈംഗികപീഡന നിരോധന നിയമ പ്രകാരം (പോക്സോ) ജില്ലാ സ്പഷൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. 2015 മാർച്ച് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുള്ളതാണ് പീഡനത്തിനിരയായ പെൺകുട്ടി. സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിലറിയിക്കാതെ രണ്ടാനച്ഛനായ പ്രതി 11 ഓടെ ഹോസ്റ്റലിൽ എത്തി വാർഡനോട് പെൺകുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്നു നുണപറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിടണം എന്നാവശ്യപ്പെട്ടു.തുടർന്നു കുട്ടിയെയും കൂട്ടി ഓട്ടോറിക്ഷയിൽ വാളറ വനമേഖലയിൽ എത്തി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതിയിൽനിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടിയെ പിൻതുടർന്ന് പിടികുടി വീണ്ടും ലൈംഗികാതിക്രമം നടത്തിയശേഷം ആസിഡ് മുഖത്തേക്കൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.പ്രതിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വനമേഖലയിലെ ഒരു വീട്ടിൽ കുട്ടി അഭയം തേടുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഒരു വർഷത്തിനു ശേഷമാണ് അടിമാലി പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത വളർത്തു മകളെ സംരക്ഷിക്കാൻ ബാധ്യതയുള്ള പ്രതിയുടെ കുറ്റകൃത്യം യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും നിയമപ്രകാരമുള്ള കഠിന ശിക്ഷക്കു പ്രതി അർഹനാണെന്നുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ജീവപര്യന്തവും പിഴയും വിധിക്കുകയായിരുന്നു.സംസ്ഥാനത്ത് 2012 ലെ പോക്സോ നിയമ പ്രകാരം ഉള്ള കോടതി സ്ഥാപിതമായതിനു ശേഷം ഈ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തം കഠിനതടവ് ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്. ആസിഡ് ആക്രമണത്തിന് അഞ്ചുവർഷം കഠിനതടവും ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നുവർഷം കഠിന തടവിനും ശിക്ഷിച്ചിച്ചുണ്ട്. ജീവപര്യന്തം ശിക്ഷയുള്ളതിനാൽ ശിക്ഷയുടെ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും പിഴ സംഖ്യയായ 23,000 രൂപ അടച്ചില്ലെങ്കിൽ ഒമ്പതുമാസം കൂടി കഠിനതടവ് വേറെ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.ബാലലൈംഗിക പീഡനം കേരളത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ കോടതി വിധി സ്വാഗതാർഹമാണ്.കൊട്ടിയൂരിൽ പീഡിപ്പിച്ച വൈദികനും ഇതേ ശിക്ഷ ലഭിക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.