രസീല രാജു കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപ്പത്രം സമർപ്പിച്ചു

പുനൈ:ഇൻഫോസിസ് പുനൈ ക്യാമ്പസിലെ ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപ്പത്രം സമർപ്പിച്ചു. പുനൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപ്പത്രം സമർപ്പിച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ രസീല രാജുവിനെ സുരക്ഷ ജീവനക്കാരനായ ബബൻ സൈകിയ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.കമ്പ്യൂട്ടർ കേബിൾ കഴുത്തിൽ ചുറ്റിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 30 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്ന രസീലയെ സുരക്ഷാ ജീവനക്കാരൻ മോശപ്പെട്ട രീതിയിൽ നോക്കിയതാണ് പ്രശ്നത്തിന് തുടക്കം.ബബൻ സൈകിയെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെടും എന്നു രസീല പറയുകയും തന്റെ ജോലി നഷ്ടപ്പെടും എന്ന് ഭയപ്പെട്ട് ബബൻ രസീലയെ കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കാനായി രസീലയുടെ മുഖം ചവിട്ടി വികൃതമാക്കിയെന്നും ബബൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.കൊലപെടുത്തിയ ശേഷം രസീലയുടെ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഓഫീസിൽ നിന്നും പുറത്തുകടന്നത്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊല നടത്തിയത് ബബൻ സൈകിയയാണെന്ന് തെളിഞ്ഞത്. അതേസമയം പ്രതിയുടെ ജാമ്യാപേക്ഷയിന്മേൽ കോടതി ഉടൻ വാദം കേൾക്കും. അഡ്വ. ബിഎ ആളുരാണ് പ്രതിക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത്.