റാഷിദ് റോവർ ഈ വർഷാവസാനം ചന്ദ്രനിൽ ഇറങ്ങും

ബഹിരാകാശ മേഖലയിൽ യു.എ.ഇ. യുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഈ വർഷാവസാനം ചന്ദ്രനിൽ ഇറങ്ങും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ എമിറേറ്റ്‌സ് ലൂണാർ മിഷൻ സംഘവുമായി കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ഈ പദ്ധതി ബഹിരാകാശ മേഖലയിൽ യു.എ.ഇ. യുടെ സംഭാവനകളെ കൂടുതൽ വിപുലീകരിക്കാൻ പ്രയോജനപ്പെടുത്തുമെന്നു ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെ സ്മരണാർഥമാണ് ഈ ചാന്ദ്രദൗത്യത്തിനു റാഷിദ് റോവർ എന്ന പേരിട്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച വിശദപഠനം ലക്ഷ്യമിട്ടാണ് റാഷിദ് റോവർ വിക്ഷേപിക്കാനൊരുങ്ങുന്നത്. അറബ് ലോകത്തിൽനിന്ന് ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യത്തെ ദൗത്യമായി റാഷിദ് റോവർ ചരിത്രത്തിൽ ഇടം പിടിക്കും.

Loading...

കൂടിക്കാഴ്ചയ്ക്കുശേഷം ഇരു ഭരണാധികാരികളും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ജനങ്ങളുടെ അഭിലാഷങ്ങളെ ഉയരങ്ങളിലെത്തിക്കുകയും ഒപ്പം ഒരു പുതിയ ശാസ്ത്രീയ ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.