മലയാളത്തില്‍ ദുല്‍ഖറിനും നിവിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; രശ്മിക മന്ദാന

വിജയ് ദേവരക്കൊണ്ട ചിത്രം ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിലും നായിക രശ്മികയാണ്. കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കേരളത്തില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം താരം തുറന്നു പറഞ്ഞിരിക്കുകയാണ്. നിവിന്‍ പോളിക്കും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാനാണ് താരത്തിന് താല്‍പ്പര്യം.

Loading...

‘മലയാളത്തില്‍ എന്തായാലും ഒരു ചിത്രത്തില്‍ അഭിനയിക്കണം. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അതിന്റെ കാരണം അറിയില്ല. അദ്ദേഹത്തിന്റെ സിനിമകളുടെ പേരൊക്കെ ഓര്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ് എനിക്ക്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. പുഞ്ചിരിക്കുന്ന, എന്‍ജോയ് ചെയ്യുന്ന, എത്ര ടെന്‍ഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടം. നിവിനൊപ്പവും അഭിനയിക്കണം’ എന്നാണ് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രശ്മിക പറഞ്ഞത്.

ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രേതം സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി ചിത്രം ജൂലൈ 26ന് തീയ്യേറ്ററുകളിലെത്തും.